ദില്ലി: ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. എയിംസ് ആശുപത്രിയില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സ തേടിയ പരീക്കര്‍ ഞായറാഴ്ച്ച തന്നെ ഗോവയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാവിലെ തന്നെ ഗോവ മുഖ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രി വിടാന്‍ പിന്നീട് ഡോക്ടര്‍മാര്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15നാണ് 62 കാരനായ പരീക്കറെ ഡല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്.
ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും മുഖ്യമന്ത്രിയെ ഗോവയിലേക്ക് കൊണ്ടുപോകുന്നതെന്നാണ് അറിയുന്നത്. ഗോവയിലേക്ക് മടങ്ങുകയാണെങ്കില്‍ പനാജിയിലെ തന്റെ സ്വന്തം വസതിയിലായിരിക്കും പരീക്കര്‍ താമസിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
വെള്ളിയാഴ്ച, ഗോവ ബിജെപി കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും മന്ത്രിമാരെയും പരീക്കര്‍ ആശുപത്രിയിലേക്ക് വിളിപ്പിച്ചിരുന്നു. തന്റെ അസാന്നിധ്യം ഭരണകാര്യങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുന്ന കാര്യം പരീക്കര്‍ ഇവരുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഗോവയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് നേതാക്കളും മന്ത്രിമാരും നിഷേധിച്ചിട്ടുണ്ട്. ഫെബ്രുവരി പത്തിന് ശേഷമാണ് പരീക്കറുടെ ആരോഗ്യനില മോശമായത്. ഗോവ, മുംബൈ, അമേരിക്ക തുടങ്ങിയ വിവിധ ആശുപത്രികളില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു.
Post Your Comments