തിരുവനന്തപുരം: യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവര്‍ത്തിക്കാത്തവര്‍ പുറത്തു പോകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ പല എംഎല്‍എ മാരും പങ്കെടുത്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുല്ലപ്പള്ളി സ്വരം കടുപ്പിച്ചത്. മാര്‍ച്ചില്‍ പങ്കെടുക്കാത്ത എംഎല്‍എ മാരോട് എഐസിസി നിര്‍ദേശ പ്രകാരം മുല്ലപ്പള്ളി വിശദീകരണം തേടി. അധികാര ദല്ലാളന്‍മാരെ പാര്‍ട്ടികകത്ത് ആവശ്യമില്ലെന്നും പ്രവര്‍ത്തിക്കാത്തവര്‍ സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്നും മുല്ലപ്പള്ളി തിരുവനന്തപുരം ഡിസിസി യോഗത്തില്‍ തുറന്നടിച്ചു.
എം.എല്‍.എ ശബരീനാഥിനെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. തന്റെ അതൃപ്തി ശബരീനാഥിനെ അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു. നാവായികുളം ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡിസിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടു പതിറ്റാണ്ടായി വിജയിച്ചു വന്ന നാവായികുളം പഞ്ചായത്ത് വാര്‍ഡ് തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ ഡിസിസി പ്രസിഡന്റിനോട് മുല്ലപ്പള്ളി വിശദീകരണം തേടി. നടപടികളെല്ലാം തന്റെ തന്നിഷ്ടപ്രകാരമല്ലെന്നും എ.ഐ.സി.സി നിര്‍ദേശപ്രകാരമാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments