പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ തകര്‍ന്നു. പ്രധാന പാതയിലും വെള്ളം കയറി. അരുവാപ്പുലം പഞ്ചായത്തിലെ ഉൗട്ടുപാറ, മുറ്റാക്കുഴി ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. ഉരുള്‍ പൊട്ടിയതിനേത്തുടര്‍ന്നു പിഎം റോഡില്‍ ഗതാഗതവും സ്തംഭിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച കനത്തമഴയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ പാറമടയോടു ചേര്‍ന്നാണ് ഒരു ഉരുള്‍പൊട്ടിയത്. കനത്ത വെള്ളപ്പാച്ചിലില്‍ കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉയര്‍ന്ന പ്രദേശങ്ങള്‍ പലഭാഗങ്ങളിലും ഇടിഞ്ഞ നിലയിലാണ്. ഒഴുകിയെത്തിയ വെള്ളം പ്രധാനപാതയിലും മുറിഞ്ഞകല്‍ – പാടം റോഡിലും നിറയുകയായിരുന്നു. പിഎം റോഡില്‍ ദീര്‍ഘദൂര ബസ് സര്‍വീസ് ഉള്‍പ്പെടെ വെള്ളപ്പാച്ചിലില്‍ കുടുങ്ങി. വകയാര്‍ മുതല്‍ മുറിഞ്ഞകല്‍ വരെയുള്ള ഭാഗത്ത് നിരവധി വാഹനങ്ങളാണ് ഈ സമയത്തു കുടുങ്ങിയത്.
ചെറിയ വാഹനങ്ങള്‍ക്കുള്ളിലും റോഡരികിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. പ്രധാനപാതയിലെത്തിയ ചെറിയ വാഹനങ്ങള്‍ പലതും നാട്ടുകാരുടെ സഹായത്തോടെ വടമുപയോഗിച്ച് കെട്ടിയിടുന്ന സ്ഥിതിയുമുണ്ടായി. ഏറെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തേത്തുടര്ന്നാണ് പിഎം റോഡില്‍ കുടുങ്ങി കിടന്ന വാഹനങ്ങള്‍ നീക്കിയത്.
Post Your Comments