ഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന വിഷയം കേരളത്തില്‍ കത്തുമ്പോള്‍ 10നും 50 നും ഇടയില്‍ പ്രയമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. പതിനാല് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ അമ്മയായ സിന്ധു ടി.പിയുടേതാണ് ഹര്‍ജി. പത്തുവയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാന്‍ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എന്‍എസ്എസിന്റേതെന്നും ഹര്‍ജിയില്‍ . പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് നേടിയെടുത്ത സാമൂഹ്യ നിയമങ്ങള്‍ക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണ്. എന്‍എസ്എസ് നേതാക്കള്‍ പ്രതിഷേധ സമരങ്ങളില്‍ ഉടനീളം 10 വയസുള്ള കുട്ടികളുമായി ബന്ധപ്പെടുത്തി അയ്യപ്പന്റെ ലൈംഗികതയെപ്പറ്റി പറയുന്നു. ദൈവത്തില്‍ ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ താന്‍ കാരണമാകുമെന്ന ബോധം ഇതിലൂടെ കുട്ടികളുടെ മനസില്‍ ഉണ്ടാകുമെന്നും ഹര്‍ജിയിലുണ്ട്. എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല പക്ഷെ ഇത്തരം വാദങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്നാണ് ടി പി സിന്ധു ഹര്‍ജിയില്‍ വാദിക്കുന്നത്.
Post Your Comments