ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടുമെന്ന് റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുദാഷേവ്. റഷ്യയുമായി കരാറില്‍ ഒപ്പുവച്ചാല്‍ ഇന്ത്യ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കയുടെ ഉപരോധം കരാറുകള്‍ക്ക് വിലങ്ങ് തടിയാകില്ലെന്നും നിക്കോളയ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്താകുന്ന അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്400 ട്രയംഫ് കരാറില്‍ ഇന്ത്യ ഒപ്പ് വച്ചത്. ഇതു കൂടാതെ റഷ്യയുമായി ബഹിരാകാശ സഹകരണവും ഇന്ത്യ ഉറപ്പു വരുത്തിയിട്ടുണ്ട്. സൈബീരിയയിലെ നൊവോസിബിര്‍സ്‌കിന് സമീപം ഇന്ത്യന്‍ നിരീക്ഷണകേന്ദ്രം നിര്‍മിക്കാനും ധാരണയായിരുന്നു. 44,984 കോടി രൂപയുടെ കരാറാണ് ട്രയംഫിന്റേത്. ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമാകുന്നത് ലോകശക്തികള്‍ക്ക് പോലുമില്ലാത്ത കനത്ത സുരക്ഷയാണ്.
ലോകത്തിലെ അത്യന്താധുനിക ഉപരിതല മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഏറ്റവും മികച്ചതാണ് റഷ്യയുടെ എസ്400. അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്400 ട്രയംഫ്. കരാര്‍ പ്രകാരം 2020 മുതല്‍ ഇന്ത്യക്ക് റഷ്യ പ്രതിരോധ സംവിധാനം നല്‍കിത്തുടങ്ങും. അമേരിക്കയുടെ ഉപരോധ ഭീഷണിയെ മറികടന്നാണ് റഷ്യയുമായി ഇന്ത്യ കരാറില്‍ ഒപ്പ് വച്ചത്.
Post Your Comments