ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പ്രതിഭാധനരായ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും. രാമേശ്വരത്തെ ഒരു ശരാശരി മുസ്ലീം കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്കെത്തിയ അത്ഭുത് പ്രതിഭാസം എന്ന് വേണമെങ്കില്‍ അപുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിനെ വിശേഷിപ്പിയ്ക്കാം.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുള്‍കലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പൈലറ്റാവാന്‍ കൊതിച്ച്, സാഹിത്യത്തെ ഏറെ പ്രണയിച്ച്, ഇന്ത്യന്‍ ബഹിരാകാശസ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന്, രാജ്യസുരക്ഷയുടെ മിസൈല്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച്, ഇന്ത്യയുടെ പ്രഥമ പൗരനായി ലളിത ജീവിതം നയിച്ച്, വിദ്യാര്‍ത്ഥികളോട് സംവദിച്ച് മതിയാകാതെ കലാം കാലത്തിന്റെ അരങ്ങില്‍ നിന്ന് വിടവാങ്ങിയിരിയ്ക്കുന്നു. ട്രിച്ചിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഭൗതിക ശാസ്ത്രത്തിലാണ് കലാം ബിരുദം നേടിയത്. തന്റെ പഠനകാലത്തെ ഏറ്റവും മോശം കാലമായിട്ടാണ് അദ്ദേഹം ബിരുദ പഠനത്തെ സ്വയം വിലയിരുത്തിയിട്ടുള്ളത്.
എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ചു. ഇന്ത്യയില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം. ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയ മറ്റൊരു രാഷ്ട്രപതിയില്ല. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. 2020-ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
Post Your Comments