ഡോക്ടർ എപിജെ അബ്ദുൽ കലാം , ഇന്ത്യയുടെ മിസൈൽ മാൻ എന്ന് അറിയപ്പെടുന്ന അദ്ദേഹം ജനിച്ചത് ഒരു മധ്യവർഗ കുടുംമ്പത്തിൽ ആയിരുന്നു. ഒരു മധ്യവർഗ കുടുംബം നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് വളർന്ന അദ്ദേഹം തന്റെ പരാജയങ്ങൾ വിജയത്തിന് മുന്നോടി ആയുള്ള ചവിട്ടു പടിയായി കണ്ടു. ആ ദിശാബോധം ആണ് അദ്ദേഹത്തെ ഇന്ത്യയുടെ പ്രഥമ പൗരൻ എന്ന സ്ഥാനത്തേക്ക് എത്തിച്ചത്. പക്ഷെ അദ്ദേഹം എന്നും അറിയപ്പെടാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ രാഷ്ട്രപതി ആയിട്ടല്ല, ഒരു അധ്യാപകൻ ആയിട്ടാണ്.
ദീർഘ ദർശിയായ മനുഷ്യൻ, ഒരു പ്രായോഗികജ്ഞൻ, കവി പിന്നെ ഒരു നല്ല മനുഷ്യൻ എന്നും അദ്ദേഹം അറിയപ്പെട്ടു. എല്ലവരോടും ബഹുമാനത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടെന്ന് എല്ലാവരും അറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ കാലയളവിൽ ആണെന് ഇന്ത്യയിലെ ഓരോ പൗരനും പറയാറുണ്ട്. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് മിസ്സൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ശില്പിയാണ് അദ്ദേഹം. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ ഭാരത് രത്നയും അദ്ദേഹത്തിന് ലഭിച്ചു.
1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരം എന്ന സ്ഥലത്താണ് അബുൽ പാക്കിർ ജൈനുലാബ്ദീൻ അബ്ദുൾ കലാം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജൈനുലാബ്ദീൻ ഒരു ബോട്ട് ഉടമയും ഒരു പള്ളിയുടെ ഇമാവും ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മ ആഷിയമ്മ ഒരു സാധാ വീട്ടമ്മയും. തന്റെ സഹോദരന്മാരിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു കലാം. സ്കൂളിൽ അദ്ദേഹം ഒരു ശരാശരി വിദ്യാർത്ഥി ആയിരുന്നു. പക്ഷെ അന്നേ അദ്ദേഹം നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും ഉള്ള ബാലൻ ആയിരുന്നു.
ഡോ. കലാമിന് ഭാരത രത്നം ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “എനിക്ക് ഇത് ഒറ്റക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല, ഇതിനു പിന്നിൽ അനേകായിരം ശാസ്ത്രജ്ഞന്മാരും ജീവനക്കാരും ഉണ്ടായിരുന്നു. വെറും ഒരു പ്രോഗ്രാം മാത്രമേ ഞാൻ രൂപകൽപന ചെയ്തോളു” എന്നാണ്. ഈ എളിമയാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഇന്ത്യ മുഴുവൻ സ്നേഹിക്കപെട്ട രാഷ്ട്രപതി എന്ന് വിളിക്കുന്നതും.
14 വർഷത്തെ കാലയളവിൽ അദ്ദേഹം പൃഥ്വി, അഗ്നി, ത്രിശൂൽ, ആകാശ്, നാഗ് എന്നിവയ്ക്കൊപ്പം മുടങ്ങി കിടന്ന അർജുൻ പ്രൊജക്റ്റും പൂർത്തിയാക്കി. എന്നും ഇന്ത്യക്കാർക്ക് തന്റെ പ്രസംഗങ്ങളിലൂടെയും തന്റെ ജീവിതത്തിലൂടെയും പ്രചോദനം ആയ ആളാണ് അദ്ദേഹം. ” നിങ്ങളുടെ സ്വപ്നങ്ങൾ സത്യമാകുന്നതിന് മുമ്പ് സ്വപ്നം കാണേണ്ടതുണ്ട്’, ” മനുഷ്യന് ബുദ്ധിമുട്ടുകൾ അവന്റെ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ് ” തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത വചനങ്ങൾ ആണ്.
അത്തരമൊരു സമഗ്രനായ ഒരു മനുഷ്യൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഒരു കാര്യം തന്നെ ആണ്. ഇന്ത്യയെ ലോകത്തിനു മുന്നിൽ നിവർന്നു നില്ക്കാൻ പ്രേരിപ്പിച്ച, ഓരോ ഇന്ത്യക്കാരനോടും ഉണർന്നു സ്വപ്നം കാണാൻ പറഞ്ഞ, സ്വപ്നങ്ങൾ കൈപിടിലൊതുക്കാൻ പ്രചോദനം നൽകിയ ആ വലിയ മനുഷ്യൻ. അദ്ദേഹത്തോട് നാം എന്നും കടപ്പെട്ടിരിക്കുന്നു.
Post Your Comments