യുവത്വത്തെ ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിവുള്ള ഭാരതത്തിന്റെ അഭിമാനത്തിന് തീച്ചിറകുകള്‍ നല്കിയ ശാസ്ത്രജ്ഞനായിരുന്നു അവുല്‍ പക്കീര്‍ ജൈനുലാബുദീന് എന്ന എ.പി.ജെ അബ്ദുള്‍ കലാം. 1931-ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ആസാദ് എന്ന കുട്ടിയാണ് പിന്നീട് ഇന്ത്യന്‍ ശാസ്ത്രലോകത്തെ അതികായനും രാഷ്ട്രപതിയും ‘ഭാരതരത്ന’വും ആയത്. രാമേശ്വരം കടലിന് കുറുകെ പറക്കുന്ന കൊറ്റികളെക്കണ്ട് പറക്കാന്‍ മോഹിച്ച ബാല്യമായിരുന്നു അബ്ദുള്‍കലാമിന്റേത്. സ്ഥിരോത്സാഹിയും അമ്പരപ്പിക്കുന്ന ലാളിത്യത്തിനുടമയുമായ എ.പി.ജെയുടെ ജീവിതത്തെയാണ് ‘അഗ്നിച്ചിറകുകള്‍’ എന്ന ആത്മകഥയിലൂടെ ലോകം അറിഞ്ഞത്. ലോകത്തോട് എന്നതിലുപരിയായി പുതു തലമുറയോടാണ് കലാം അരുണ്‍ തിവാരിയുമായിച്ചേര്‍ന്ന് രചിച്ച അഗ്നിച്ചിറകുകളിലൂടെ സംസാരിക്കാന്‍ ശ്രമിച്ചത്. സുതാര്യതയും സത്യസന്തതയുമാണ് അഗ്നിച്ചിറകുകള്‍ എന്ന ആത്മകഥയുടെ മുഖലക്ഷണം.
സ്വപ്നം എന്ന വാക്കാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ അധികവും നിറച്ചുവെച്ചത്. അതുകൊണ്ടുതന്നെ ഇറങ്ങിയ ഉടനേ ആ പുസ്തകത്തിന് അപൂര്‍വമായ സ്വീകാര്യതയാണ് ലഭിച്ചത്. യുവതലമുറ ആ പുസ്തകത്തെ നിരാശയില്‍നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള മരുന്നായി കണ്ടു. എത്രയോ മാതാപിതാക്കള്‍ ഈ പുസ്തകം മക്കള്‍ക്ക് നേര്‍വഴിയിലേക്കുള്ള ഉപഹാരമായി നല്കി. സ്വപ്നം കാണാനുള്ള പരിശീലനപുസ്തകമായി പലരും ഈ ഗ്രന്ഥത്തെക്കണ്ടു. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ക്കുശേഷം ഒരു പക്ഷേ, ലോകത്തെ ഇത്രയധികം പ്രചോദിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്ത ഒരിന്ത്യക്കാരന്റെ ആത്മകഥയുണ്ടാവില്ല.
ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും കിടപിടിക്കുന്ന ഇന്ത്യയുടെ ‘പൃഥ്വി’ക്കും ‘അഗ്നി’ക്കും ‘നാഗി’നും ‘ത്രിശ്ശൂലി’നും രൂപംകൊടുക്കുമ്പോള്‍ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുള്‍കലാം പറയുന്നുണ്ട് ഈ പുസ്തകത്തില്‍. അഗ്നിയും പൃഥ്വിയും രോഹിണിയും എസ്.എല്‍.വി. റോക്കറ്റുമെല്ലാം ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്. രാമേശ്വരത്തെ ലളിതമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന് രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോഴും കലാം തന്റെ സവിശേഷമായ ജീവിതരീതികള്‍ ഉപേക്ഷിച്ചില്ല. ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.
സ്വപ്നം കാണുക, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുക- ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദര്‍ശനം. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും രാഷ്ട്രനേതാക്കളെയും മാതാപിതാക്കളെയും സ്ത്രീകളെയുമെല്ലാം കലാം നിരന്തരം പ്രതീക്ഷയാല്‍ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. ‘ജ്വലിക്കുന്ന മനസ്സുകള്‍’ എന്ന് അദ്ദേഹം തന്റെ രണ്ടാം പുസ്തകത്തിന് പേര് നല്കുമ്പോള് അത് കലാം എന്ന മനുഷ്യന്റെ ദര്‍ശനത്തിന്റെ പ്രതിഫലനമാകുന്നു. ഇതിലും കലാം മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജത്തെക്കുറിച്ചാണ് സംസാരിച്ചത്. ഒരുപാട് പരാജയങ്ങളില്‍നിന്നാണ് താന്‍ തന്റെ പാഠങ്ങളിലേറെയും പഠിച്ചത് എന്ന് എവിടേയും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.
‘അഗ്നി’മിസൈല്‍ ആദ്യപരീക്ഷണത്തില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശപ്പെടാനല്ല കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള അവസരമായിക്കാണാനാണ് താന്‍ ശ്രമിച്ചത് എന്നദ്ദേഹം പറയുന്നുണ്ട്. ഉയര്‍ന്ന ചിന്തയും ലളിതമായ ജീവിതശൈലിയുമുള്ള കലാം ഊഷ്മളവും അനൗപചാരികവുമായി എല്ലാവരോടും ഇടപഴകി. രാഷ്ട്രപതിഭവനില്‍ സാസ്കാരികപരിപാടികള്‍ നടക്കുമ്പോഴെല്ലാം അവിടെ സന്നിഹിതരായിട്ടുള്ള അതിഥികളുടെ അടുത്തെത്തി സൗഹൃദഭാഷണങ്ങള്‍ നടത്തി. ജനകീയനായ രാഷ്ട്രപതിയായി പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിച്ച അദ്ദേഹം വിവാദങ്ങളില്‍നിന്ന് അകന്നുനിന്നു. രാഷ്ട്രീയപശ്ചാത്തലമില്ലാതിരുന്നിട്ടും രാഷ്ട്രപതിയെന്നനിലയിലുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാഷ്ട്രീയപക്വത പുലര്‍ത്തി. രാഷ്ട്രപതിഭവന്റെ ഔപചാരികതകള്‍ പലപ്പോഴും മറികടന്നിരുന്നു. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുംവലിയ സന്തോഷം. ഒടുവില്‍ മരണം തട്ടിയെടുത്തതും അത്തരമൊരു വേദിയില്നിന്നായത് ആകസ്മികമായി.
Post Your Comments