മീ ടൂ ക്യാമ്പെയിനിലൂടെ ആരോപണം നേരിട്ട ഒരാളാണ് ഗാനരചയിതാവ് വൈരമുത്തു. ഒരു യുവതിക്ക് പുറമേ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നാണ് ചിന്മയിയുടെ ആരോപണം. എന്നാല്‍ താനും അമ്മയും ഇതിനെ എതിര്‍ത്തപ്പോള്‍ ഷോ നടത്തുന്ന ആള്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചിന്മയി ആരോപിച്ചിരുന്നു.
ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈരമുത്തു. താന്‍ നിഷ്‌കളങ്കനാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വെറും നുണകള്‍ മാത്രമാണെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. തമിഴിലാണ് വൈരമുത്തുവിന്റെ ട്വീറ്റ്.
‘നിഷ്‌ക്കളങ്കരായ മനുഷ്യരെ അധിക്ഷേപിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. പല സംഭവങ്ങളിലായി എന്നെ ഇപ്പോള്‍ നാണംകെടുത്തുകയാണ്. ഇതും അതില്‍ ഒന്നു മാത്രമാണ്. സത്യമല്ലാത്ത ഒന്നിനും ഞാന്‍ ചെവി കൊടുക്കാറില്ല. കാലം സത്യം തെളിയിക്കും’.വൈരമുത്തു കുറിച്ചു.
എന്നാല്‍ ഇതിനും മറുപടിയുമായി ചിന്മയി രംഗത്തെത്തി. ‘നുണയന്‍’ എന്നാണ് ട്വീറ്റിന് ചിന്മയി നല്‍കിയ പ്രതികരണം. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടില്‍ വച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചുവെന്നായിരുന്നു യുവതി പറഞ്ഞത്. മീ ടൂ ക്യാമ്പെയിനില്‍ നിരവധി പേരാണ് കുടുങ്ങുന്നത്.
Post Your Comments