Latest NewsMollywood

രണ്ടാമൂഴത്തില്‍ നിന്നും എം.ടി പിന്‍വാങ്ങിയതില്‍ പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍

തിരക്കഥ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

രണ്ടാമൂഴം സിനിമയില്‍ നിന്നും എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോര്‍ട്ടകള്‍ വന്നതിന് പിന്നാലെ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രണ്ടാമൂഴം നടക്കുമെന്നും പ്രൊജക്ടിനെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും കാര്യങ്ങള്‍ കൃത്യമായി അറിയിച്ചതിന് ശേഷം സിനിമയുമായി മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരക്കഥ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തിരക്കഥ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു നടപടിയെന്ന് എം.ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സംവിധായകനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എംടി വാസുദേവന്‍ നായര്‍.

നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ കൈമാറിയിരുന്നുവെന്നും മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാറെന്നും മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനിയന്ത്രിതമായി നീണ്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സമീപനത്തില്‍ താന്‍ അതൃപ്തനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്‍. ഷെട്ടിയെ പോലൊരു നിര്‍മ്മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല.

https://www.facebook.com/vashrikumar/posts/1890026641105057?__xts__%5B0%5D=68.ARB65_K4_HUo8aQ7ELxHWfn-E1kB4u0CH_WQllCXKcvlwhwWd5PUZYKWDZKcO51YT5Js3CYqLiIAz-fis7UnF1pd77EIIzby4Qi2SLgFOz6q4iAq8GoTeXMC0_3vWD4T954SQ6k6m41JGML8VgCSi44utIIKDkp-ke1O8zsIPlLB2UKaGOLYkA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button