വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസമാണ് 30 വയസ്സുള്ള ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച രീതിയില്‍ കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഫണ്ടിനെ സംബന്ധിച്ച ഒരു അഴിമതി പുറത്തു കൊണ്ടു വന്നത് ഇവര്‍ അവതരിപ്പിച്ചിരുന്ന ടെലിവിഷന്‍ ഷോയിലൂടെ ആയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകയാണ് ബള്‍ഗേറിയയിലെ മരിനോവ. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗിയെ കാണാതായതും അടുത്തിടെയാണ്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഇദ്ദേഹം കൊല്ലപ്പെട്ടെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ഇദ്ദേഹം. കഴിഞ്ഞ ഒക്ടോബറിലാണ് ഡാഫ്നെ കറുന ഗലീസിയ എന്ന മാള്‍ട്ടയുടെ ഇന്‍വെസ്റ്റിഗേറ്റീസ് മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെടുന്നത്. കാറിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിലാണ് ഗലീസിയ മരിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാന്‍ കുഷിയാകും പ്രതിശ്രുത വധുവും വെടിയേറ്റു മരിച്ചു. സ്ലോവാക്ക് രാഷ്ട്രീയ ശക്തികളും ഒരു ബിസിനസ് പ്രമുഖനും തമ്മിലുള്ള തട്ടിപ്പ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
2017 ഓഗസ്റ്റില്‍ സ്വീഡിഷ് ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തക കിം വാളിനെ കാണാതായി. ഒക്ടോബറില്‍ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പീറ്റര്‍ മാഡ്സെനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെടുന്നത്.
ആര്‍എസ്എഫിന്റെ കണക്കനുസരിച്ച് 57 മാധ്യമ പ്രവര്‍ത്തകരാണ് 2018ല്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടത്. 155 പേര്‍ ഇപ്പോഴും വിവിധ ജയിലുകളില്‍ കഴിയുന്നവരാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ബിസിനസ് പ്രമുഖരുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ഭീഷണിയെന്ന് ആര്‍എസ്എഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം രണ്ട് റോയിറ്റേഴ്സ് റിപ്പോര്‍ട്ടര്‍മാരാണ് മ്യാന്‍മറിലെ സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഏഴ് വര്‍ഷത്തേയ്ക്ക് ജയിലില്‍ അടയ്ക്കപ്പെട്ടത്. ബംഗ്ലാദേശും 7 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്റഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ നിയമത്തിന്റെ 57-ാം വകുപ്പനുസരിച്ചാണിത്. 14 വര്‍ഷം വരെ ജയിലില്‍ കിടക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അന്തകരാണെന്നാണ് അമേരിക്കന്‍ ഭരണകൂടവും ആരോപിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയെക്കുറിച്ച് നിരവധി തവണ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിമര്‍ശിച്ചിരുന്നു.
ലോകമാധ്യമ പ്രവര്‍ത്തനം അപകടകരമായ കാലഘട്ടത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ആഗോള തലത്തില്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.
Post Your Comments