കല്‍പറ്റ: നെല്‍വിത്ത് സംരക്ഷകൻ ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു . ദുബൈയിലെ പ്രവാസികളുടെ സഹായത്തില്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ വലിയ വ്യത്യാസമില്ല.
സുഹൃത്തുക്കളുടെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് ഇടക്കിടെ ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇളയ മകന്‍ രാജേഷ് വെള്ളിയാഴ്ച ദുബായിലേക്ക് പോകും.
ദുബായിലെ പ്രവാസി മലയാളികളും കൃഷിമന്ത്രി സുനില്‍ കുമാറുമാണ് രാജേഷിന്റെ യാത്രക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനായ വയനാട് കമ്മന ചെറുവയല്‍ രാമന്‍ ദുബൈയിലെ കൃഷി സ്‌നേഹികള്‍ സംഘടിപ്പിച്ച വയലും വീടും പരിപാടിയില്‍ പങ്കെടുക്കവെ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിലെ റാഷിദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഇടപ്പെട്ട് സര്‍ക്കാര്‍ തലത്തിലും വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ പ്രവാസികളും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഒരാഴ്ചയിലധികം ഇനിയും ആശുപത്രിയില്‍ കഴിയേണ്ടി വരും. ഇതിനിടെ കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ രാമന്റെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഏകദേശം പത്ത് ലക്ഷത്തിലധികം രൂപ ചിലവായിട്ടുണ്ട്.
Post Your Comments