ന്യൂഡല്‍ഹി: നികുതി വെട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ‘ക്വിന്റ്’ വാര്‍ത്താ പോര്‍ട്ടലിന്റെ സ്ഥാപകനും പ്രമുഖ മാദ്ധ്യമ സംരംഭകനുമായ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്‍റെ മിന്നല്‍ പരിശോധന. നോയിഡയ്ക്ക് സമീപത്തെ വീട്ടില്‍ ഇന്നലെ അതിരാവിലെയായിരുന്നു റെയ്ഡ്. കൃത്രിമരേഖകള്‍ ചമച്ച് സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തില്‍ തെളിവ് ശേഖരിക്കാനായിരുന്നു പരിശോധനയെന്നാണ് വിവരം. ഈ സാമ്പത്തിക ഇടപാടിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരെന്ന് ആരോപിക്കപ്പെടുന്ന ജെ. ലാല്‍വനി, അനൂപ് ജെയിന്‍, അഭിമന്യു എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു.
രാഘവ് ബാല്‍ ന്യൂസ് 18 ചാനല്‍ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികണ്‍ട്രോള്‍, ബുക്ക്മൈഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോര്‍ട്ടലുകള്‍ ആരംഭിച്ചത്. പിന്നീട് മുകേഷ് അംബാനിയുടെ റിലയന്‍സ്, ന്യൂസ് 18 ചാനല്‍ ശൃംഖല വാങ്ങി.പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനാണ് പരിശോധനയെന്ന് രാഘവ് ബാല്‍ പറഞ്ഞു. വിഷയത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡിന്റെ പിന്തുണ തേടിയിട്ടുണ്ട്.
Post Your Comments