തലശ്ശേരി: ചായയില്‍ മയക്കുമരുന്നു നല്കി തീവണ്ടി യാത്രക്കാരന്റെ പണം കവര്‍ന്നു. ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്. തൃശ്ശൂരില്‍ നിന്ന് ഏറനാട് എക്സ്പ്രസ്സില്‍ കയറാനായി റെയില്‍വെ പ്ലാറ്റ് ഫോമില്‍ നില്ക്കുമ്പോള് ഒരു യുവാവ് പരിചയപ്പെടുകയും ചായ നല്‍കുകയുമായിരുന്നു. എന്നാല്‍ അയാള്‍ നല്കിയ ചായ കുടിച്ച ശേഷം മൊയ്തീന് ബോധം മറയുന്നതായി തോന്നുകയായിരുന്നു. തുടര്‍ന്ന് യുവാവ് മൊയ്തീനെ വണ്ടിയില്‍ കയറ്റി ഇരുത്തുകയായിരുന്നു.
എന്നാല്‍ ട്രെയിന്‍ പയ്യോളിയെത്തിയപ്പോഴും മെയ്തീന്റെ മയക്കം വിട്ടുമാറിയിരുന്നില്ല. അതേസമയം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെയും കൊണ്ട് ഏറനാട് എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന പോലീസുകാരായ കെ.ശര്‍മനും പി.ഷിജിലും ഇയാളെ കാണുകയായിരുന്നു. ഇവര്‍ കുലുക്കി വിളിച്ചിട്ടും മൊയ്തീന് എണീറ്റില്ല. പിന്നീട് ഇയാളെ പോലീസുകാര്‍ സീറ്റില്‍ താങ്ങിയിരുത്തി. അപ്പോള്‍ പാതി കണ്ണുതുറന്ന മൊയ്തീന് തന്നെ തനിക്കു പറ്റിയ ചതിയെ കുറിച്ച് പറയുകയായിരുന്നു. ഒരു യുവാവ് ചായയില്‍ മയക്കുമരുന്ന് നല്കി തന്റെ കൈയിലെ പണം കവര്‍ന്നതായും മൊയ്തീന് പറഞ്ഞു.
ഇത്രയും പറഞ്ഞ മൊയ്തീന് വീണ്ടും അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് പോലീസുകാര്‍ ഉടന്‍ തന്നെ റെയില്‍വേ കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചു. തലശ്ശേരിയില്‍ ഇറക്കിയ മൊയ്തീനെ ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്ലാറ്റ്ഫോമില്‍ വച്ചാണോ തീവണ്ടിയില്‍ വെച്ചാണോ പണം മോഷ്ടിച്ചതെന്ന് അറിയില്ല. മൊയ്തീന് പൂര്‍ണമായി ബോധം വീണ്ടെടുത്തശേഷമേ നഷ്ടപ്പെട്ട് പണത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന്് അധികതൃതര്‍ അറിയിച്ചു.
Post Your Comments