തിരുവനന്തപുരം : ബ്രൂവറി വിഷയത്തിലെ സർക്കാരിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് ഫണ്ട് ശേഖരിക്കാൻ എക്സൈസ് വകുപ്പ് തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ടാണ് പാലക്കാട്ടെ എലപ്പുളിയിൽ അനുവദിച്ച ബ്രൂവറിക്ക് വേണ്ടി അപേക്ഷ വാങ്ങിയത്. ഇത്തരക്കാർക്കൊക്കെ എങ്ങനെ മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചുവെന്നു ആർക്കും അറിയില്ല. നിയമപരമായിട്ടാണ് എല്ലാം മുന്നോട്ടുപോയിരുന്നതെങ്കിൽ പിന്നെന്തിനാണ് അനുമതി റദ്ദാക്കിയത്. ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത് യഥാർഥ കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. ഇല്ലെങ്കിൽ വലിയ ഗൂഢാലോചന കഥകൾ പുറത്തുവരുമായിരുന്നു. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയത്.
ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയതിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാർഥ താത്പര്യങ്ങളുണ്ടായിരുന്നു. സിപിഎമ്മിന്‍റെ ധനസമാഹരണ കേന്ദ്രമാണ് എക്സൈസ് വകുപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ അഴിമതി കഥകൾ പുറത്തുവരും. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൗനം സംശയാസ്പദമാണ് എന്നും താൻ കൂടി അറിഞ്ഞു അഴിമതി നടന്നില്ലെന്നാണ് കോടിയേരിയുടെ വിഷമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments