പാറ്റ്‌ന: ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ ആഭ്യന്തര കലഹം . ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജ് പ്രതാപും തേജസ്വി യാദവും തമ്മില്‍ പോരാട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സഹോദരി മിസ ഭാരതി. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും പക്ഷേ ഇത് പാര്‍ട്ടിയെയും വോട്ടിനെയും ബാധിക്കില്ലെന്നും ആര്‍ജെഡി എംപി കൂടിയായ മിസ പറഞ്ഞു. ഒരു കുടുംബത്തിലെ സഹോദരന്‍മാര്‍ തമ്മില്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതു പുതിയ കാര്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലാലു സജീവ രാഷ്ട്രീയത്തില്‍നിന്ന് ഒഴിവായതോടെ ആര്‍ജെഡിക്ക് പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടെന്ന പാര്‍ട്ടിയുടെ സ്വയം വിമര്‍ശനങ്ങള്‍ക്കിടെയാണ് പാര്‍ട്ടി നേതാവു കൂടിയായ മീസയുടെ പരാമര്‍ശം. അഴിമതിക്കേസില്‍ 14 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ലാലു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തേജസ്വിയെയും തേജ് പ്രതാപിനെയും റാഞ്ചിയില്‍ ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെന്നും മീസ സൂചന നല്‍കുന്നു.
തേജസ്വി തന്റെ പിന്‍ഗാമിയാകുന്നതിനോടാണ് ലാലുവിനു താത്പര്യം. എന്നാല്‍ തേജ് പ്രതാപ് ഇത് അംഗീകരിക്കുന്നില്ല. തേജ് പ്രതാപും തേജസ്വിയും അടുത്തിടെ വരെ ബിഹാര്‍ മന്ത്രിസഭയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡിയുമായി കൂട്ടുവെട്ടിയതോടെ ഇരുവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. സഹോദരന്‍മാര്‍ തമ്മിലടിച്ചാല്‍ അത് പാര്‍ട്ടിക്കു ഗുണമുണ്ടാകില്ലെന്ന് ലാലു മക്കള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments