തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാനെന്നും മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നെന്നും ഈ വാദം ഹൈക്കോടതിയിലെ കേസില്‍ ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്നും മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെയും മന്നത്ത് പത്മനാഭന്‍ പോരാടി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
തെറ്റായ ആചാരങ്ങള്‍ക്കെതിരെ എല്ലാ കാലത്തും പ്രക്ഷോഭമുണ്ടായിരുന്നു. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. യുവതീപ്രവേശനം വിലക്കുന്ന കോടതി ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാരുകളും പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാനം മുന്നേറിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments