ദുബായ്: പ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുവാനും പുനഃരുദ്ധരിക്കുവാനും സഹായിക്കാനായി ആദ്യം തന്നെ രംഗത്തെത്തിയ യു എ ഇ ക്ക് നന്ദി അര്‍പ്പിച്ചു മലയാളിയായ സബീല്‍ ഇസ്മായില്‍ നടന്നതു 104 കിലോമീറ്റര്‍. 27നു വൈകിട്ട് ആറിന് സബീല്‍ പാര്‍ക്കില്‍നിന്ന് ആരംഭിച്ചു രാത്രിയും പകലുമായി അഞ്ച് എമിറേറ്റുകളിലൂടെ നാല്പതുകാരനായ സബീല്‍ ഇസ്മായില്‍ നടന്നു റാസല്‍ഖൈമ എത്തിഹാദ് റൗണ്ട് വരെ എത്തി. ഇതുപോലൊരു നന്ദി പറച്ചില്‍ അപൂര്‍വമെന്ന് കണ്ടവരും കെട്ടവരും ഒന്നുപോലെ പറഞ്ഞു.
അവസാനിപ്പിച്ചിട്ടില്ല സബീല്‍, നന്ദി സൂചകമായി ഇനി രണ്ട് എമിറേറ്റുകളില്‍ക്കൂടി നടക്കാന്‍തന്നെയാണു ഇദ്ദേഹത്തിന്റെ തീരുമാനം. സബീല്‍ പാര്‍ക്കില്‍നിന്ന് നടത്തം ആരംഭിച്ച ഇദ്ദേഹം ബന്ധുവിനോടു വണ്ടിയില്‍ അജ്മാനില്‍ എത്താന്‍ പറഞ്ഞിരുന്നു. അജ്മാനില്‍ വണ്ടിയില്‍ പതിനഞ്ചു മിനിറ്റ് കിടന്നശേഷം വീണ്ടും യാത്ര. ഉമ്മല്‍ഖുവൈന്‍, ബരാക്കുട റിസോര്‍ട്ട് എന്നിവിടങ്ങളിലും പതിനഞ്ചു മിനിട്ടു വീതം മാത്രം വിശ്രമിച്ചാണു പൊരിവെയിലത്തും നടന്നത്. അടുത്തദിവസം രാത്രി ഒന്‍പതിനു റാസല്‍ഖൈമയില്‍ യാത്ര പൂര്‍ത്തിയാക്കി.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊച്ചി കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപത്തുള്ള സല്‍സബീല്‍ വീട്ടില്‍ സബീല്‍ ദുബായില്‍ എത്തിയത്. ഹാര്‍ഡ് വെയര്‍ കമ്പനി ഉദ്യോഗസ്ഥനായ സബീലിനു നടത്തം ഹരമാണ്. 2015 മുതല്‍ ഒരു വര്‍ഷം മിക്കവാറും എല്ലാ ശനിയാഴ്ചയും താമസസ്ഥലമായ കരാമയില്‍നിന്നു ബുര്‍ജ് അല്‍ അറബ് വരെ നടക്കുമായിരുന്നു. വൈകിട്ട് നാലിന് ആരംഭിച്ച് രാത്രി 12 ആകുമ്പോഴേക്കും തിരിച്ചു കരാമയില്‍ എത്തുന്ന രീതിയില്‍ 38 കിലോമീറ്റര്‍ നീളുന്ന 8 മണിക്കൂര്‍ നടത്തമായിരുന്നു അത്.
പ്രളയനാളുകളില്‍ ഗള്‍ഫില്‍ആയിരുന്നതിനാല്‍ നാട്ടില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതിന്റെ വിഷമത്തിലായിരുന്നു സബീല്‍. അതുകൊണ്ടുതന്നെയാണ് കേരളത്തെ ആദ്യം തന്നെ സഹായിക്കാന്‍ രംഗത്തുവന്ന യു എ ഇ ക്ക് നന്ദി പറയാന്‍ ഒന്ന് നടക്കാമെന്നു തീരുമാനിച്ചത്. പല കേരളീയരും ജീവിതം കെട്ടിപ്പടുത്ത, അതിനു വേദിയൊരുക്കിയ യുഎഇയ്ക്കു വെറുതേ നന്ദി പറയുന്നതിനു പകരം നല്ല വിയര്‍പ്പൊഴുക്കിത്തന്നെ നന്ദി പറയാന്‍ തീരുമാനിച്ചു. ഈ മാസം അവസാനത്തോടെ ഫുജൈറിയിലേക്കും അബുദാബിയിലേക്കും നടക്കാന്‍തന്നെയാണു തീരുമാനം.
Post Your Comments