Latest NewsKerala

ഞാന്‍ തട്ടമിടുന്നത് എന്റെ സ്വന്തം തലയിലാണ്, ഒരു മുസ്ലിമായതില്‍ ഞാന്‍ അഭിമാനിക്കുന്നു; തലയില്‍ തട്ടമിട്ടൊരു പെണ്ണിന്റെ പ്രൊഫൈലില്‍ നിന്ന് നിലപാടുകളുയരുന്നത് പലരേയും വല്ലാതെ അസ്വസ്ഥരാക്കുന്നു; ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

കമന്റുകളിലും ഇന്‍ബോക്സിലും സഭ്യമായതും അല്ലാത്തതുമായ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞാണ് ശീലം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്ന എല്ലാ സ്ത്രീകളെയും വിമര്‍ശിക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഡോക്ടര്‍ ഷിംന അസീസ്. തലയില്‍ തട്ടമിട്ടൊരു പെണ്ണിന്റെ പേജില്‍/പ്രൊഫൈലില്‍ നിന്ന് നിലപാടുകളുയരുന്നത് പലരേയും വല്ലാതെ അസ്വസ്ഥരാക്കുന്നത് പോലെ. എന്റെ തട്ടമോ അതിനകത്തെ തലച്ചോറോ ആര്‍ക്കുമെതിരല്ലെന്ന് ഷിംന അസീസ് പറയുന്നു. ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

തലയില്‍ തട്ടമിട്ടൊരു പെണ്ണിന്റെ പേജില്‍/പ്രൊഫൈലില്‍ നിന്ന് നിലപാടുകളുയരുന്നത് പലരേയും വല്ലാതെ അസ്വസ്ഥരാക്കുന്നത് പോലെ. എന്റെ തട്ടമോ അതിനകത്തെ തലച്ചോറോ ആര്‍ക്കുമെതിരല്ല.

ഫേസ്ബുക്കില്‍ ഒരിക്കലും മറ്റൊരു മതത്തെ അവഹേളിച്ച് പോസ്റ്റിട്ടിട്ടില്ല. ജീവിതത്തിലും ജാതിയും മതവും നോക്കി സ്നേഹിക്കാന്‍ പഠിച്ചിട്ടില്ല. വിശ്വാസികളോടും അവിശ്വാസികളോടും നിരീശ്വരവാദികളോടുമൊക്കെ പൂര്‍ണബഹുമാനം മാത്രം. ഇനിയും അതങ്ങനെയായിരിക്കും. പക്ഷേ, സ്വന്തം വിശ്വാസത്തിലുള്ളവര്‍ ഉള്‍പ്പെടെ ആരോഗ്യപരമായി മെച്ചമുള്ളത് എന്നവകാശപ്പെട്ട് കള്ളത്തരങ്ങള്‍ ചെയ്യുകയോ ആരോഗ്യസംബന്ധമായ അസംബന്ധങ്ങള്‍ മനുഷ്യരെ ചൂഷണം ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുകയോ ചെയ്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഒരു മയവുമില്ലാതെ പൊളിച്ചുകാണിച്ചിട്ടുണ്ട്.

അതില്‍ ഇപ്പോഴത്തെ ‘ആര്‍ത്തവം അശുദ്ധിയാണ്, അമ്പലത്തില്‍ ആര്‍ത്തവസമയത്ത് പോയാല്‍ എന്‍ഡോമെട്രിയോസിസ് ഉണ്ടാകും’ തുടങ്ങിയ പറച്ചിലുകള്‍ മാത്രമല്ല പെടുന്നത്. കാന്‍സര്‍ മാറ്റുമെന്ന് അവകാശപ്പെട്ട തങ്ങളും, മാതാപിതാക്കള്‍ സ്വയംഭോഗം ചെയ്തിട്ടാണ് ഓട്ടിസമുള്ള കുഞ്ഞുങ്ങളുണ്ടാകുന്നത് എന്ന് പറഞ്ഞ പള്ളീലച്ചനും ഒക്കെ പെടും. ഖുര്‍ആന്‍ തെളിവായി പറഞ്ഞ് ജീന്‍സിടുന്നവരെ ചൂണ്ടിക്കാട്ടി ട്രാന്‍സ്ജെന്‍ഡറുകളെ അപമാനിച്ച വ്യക്തിയേയും അതിശക്തമായ ഭാഷയില്‍ എതിര്‍ത്തിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും.

ചിന്തകളും തീരുമാനങ്ങളും ഒരു അഹങ്കാരിയുടേതല്ല. എതിര്‍പ്പുകളുടെ പെരുമഴയില്‍ നനഞ്ഞ് കുതിര്‍ന്ന് തണുപ്പറ്റവളുടേതാണ്. എളുപ്പമേയല്ല എന്റെ സാമൂഹിക സാഹചര്യങ്ങള്‍. സ്വാഭാവികമായും വാക്കുകള്‍ക്ക് മൂര്‍ച്ചയേറും. സഹിക്കാന്‍ പറ്റാത്ത ആണധികാരം പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി, അടുത്ത പടി ബ്ലോക്ക്. അതിര് കടന്നാല്‍ നിയമപരമായി തന്നെ നേരിടും.

കമന്റുകളിലും ഇന്‍ബോക്സിലും സഭ്യമായതും അല്ലാത്തതുമായ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞാണ് ശീലം. അവിടെയെല്ലാം പലരേയും അസ്വസ്ഥമാക്കിയ തട്ടത്തെ കുറിച്ചുള്ള നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ-

ഷിംന അസീസ് എന്ന ഞാന്‍ തട്ടമിടുന്നത് എന്റെ സ്വന്തം തലയിലാണ്. അത് എന്റെ മതവിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. ഒരു മുസ്ലിമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ, എന്റെ പ്രൊഫൈലില്‍ നിന്നും ഒരിക്കലും എന്റെ മതത്തെയോ വിശ്വാസത്തെയോ ന്യായീകരിക്കുന്നതോ അത് മറ്റുള്ളവരുടെയെല്ലാം വിശ്വാസത്തേക്കാള്‍ ഏറ്റവും മികച്ചതെന്നോ അവകാശപ്പെടുന്ന ഒരു വരി പോലുമില്ല. ശാസ്ത്രത്തെ ഇസ്ലാമികമാക്കിയല്ല ഇവിടെ പ്രസന്റ് ചെയ്യുന്നത്. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ശാസ്ത്രം മാത്രമാണ്, അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഒരിക്കലും ഒരു മത-ശാസ്ത്ര മിശ്രിതം നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ തുറന്ന് വെക്കില്ല.

ഞാന്‍ കാണുന്ന രോഗികളെയോ അവര്‍ക്ക് നല്‍കുന്ന ചികിത്സയേയോ എന്റെ മതം ഒരിക്കലും ബാധിക്കില്ല. എന്റെ വാക്കുകള്‍ക്കോ വരികള്‍ക്കോ അതിന്റെ പേരില്‍ പക്ഷഭേദമുണ്ടാകില്ല. അത് ചെയ്യുന്ന ദിവസം എന്റെ വ്യക്തിത്വം എന്നെന്നേക്കുമായി ഇല്ലാതാകും എന്ന ഉറച്ച ബോധ്യത്തോടെയാണ് ജീവിക്കുന്നത്.

എന്റെ വസ്ത്രധാരണം എന്റെ സ്വാതന്ത്ര്യമാണ്, എന്റെ മാത്രം. എന്നെ എന്റെ വഴിക്ക് വിട്ടേക്കുക. ഞാന്‍ ഞാനാണ്. ഞാന്‍ മാത്രമാണ്. സമയം കളയാന്‍ മെനക്കെട്ട് വന്നിരിക്കുന്നവരെ ഒരു നിമിഷം പോലും ചിന്തിക്കാതെ പടിക്ക് പുറത്തേക്ക് വലിച്ചെറിയുകയേയുള്ളു. ഈ പ്രൊഫൈലില്‍ നിന്ന് ബ്ലോക് ചെയ്താല്‍ ആര്‍ക്കും ഒരു ചുക്കുമില്ലെന്നറിയാം. പക്ഷേ, മുകളില്‍ പറഞ്ഞ റ്റൈപ് ആളുകളെ ഒക്കെ മുന്നില്‍ കാണാതെ ജീവിക്കുമ്പോള്‍ എനിക്ക് നല്ലോണം മനസ്സമാധാനം കിട്ടും. ഇത്തരക്കാര്‍ക്ക് വേണ്ടി കളയാന്‍ കൈയില്‍ സമയവുമില്ല. ഇവരെയൊക്കെ തൂത്തുവാരിക്കളഞ്ഞിട്ട് ബാക്കിയുള്ള ജനാധിപത്യബോധമേ എനിക്കുള്ളൂ താനും…

https://www.facebook.com/shimnazeez/posts/10156938881582755?__xts__%5B0%5D=68.ARC_c5NAiWPCUmPayrMpr-ZIUTjYGYMIM6qQgboJsgS-ilFIJsGqHPfEraTavbbNmEP_DCr_nZQMtUH4eHku88ETGkCQSo6Vp-kxFOY5MdrVaG9TUILEhRp3omjtTimBr-C3wKkVtIY5HozhlMvQ-eM5OMoQ3mFXKmlKQHphSxb2kuHnwIRtuig&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button