KeralaLatest News

യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ്

യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ്

തിരുവനന്തപുരം••യുഡിഎഫ് കാലത്തെ മദ്യനിരോധനം മൂലം സംസ്ഥാനത്ത് മയക്കുമരുന്നു ഉപയോഗത്തില്‍ 200 ശതമാനം വര്‍ധനവാണുണ്ടായതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് . 2014 ലെ മദ്യനയത്തിന് ശേഷം സംസ്ഥാനത്തെ മയക്കുമരുന്നു കേസുകളിലും മൂന്നിരിട്ടി വര്‍ധനയുണ്ടായെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2015ല്‍ 900 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ ഇത് 3000 ആയി വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് 700 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഈ വര്‍ഷം ഇതുവരെ ഹാഷിഷും എംഡിഎംഎയും ഉള്‍പ്പെടെ 100 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. പാലക്കാട് നിന്ന് 40 കോടിയുടെ ഹാഷിഷ് ഓയിലും എറണാകുളത്ത് നിന്ന് 30 കോടിയുടെ എംഡിഎംഎയും കണ്ടെടുത്തു. തിരുവനന്തപുരത്ത് 20 കോടിയുടെ ഹാഷിഷാണ് പിടികൂടിയത്. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇതോടൊപ്പം മയക്കുമരുന്ന് വേട്ടയും വര്‍ധിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തി അയക്കാനുള്ള ഇടനാഴിയായി കേരളത്തെ മാറ്റാന്‍ അന്താരാഷ്ട്ര ലഹരി മാഫിയ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ആകര്‍ഷിക്കുന്ന തരത്തിലാണ് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നത്. കേരളത്തിലെ ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ് എന്നിവയുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും.

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വില്‍പ്പന വ്യാപകമായതോടെ അവയെത്തിക്കുന്ന കമ്പനികളെ പിടികൂടാനായിരുന്നു നാലു തവണ ഓണ്‍ലൈന്‍ വഴി മരുന്ന് എത്തിച്ചത്. എന്നാല്‍ ഇവയില്‍ മയക്കുമരുന്നിന്റെ അംശം ഇല്ലായിരുന്നുവെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും മയക്കുമരുന്ന് ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാക്കും. തിരുവനന്തപുരത്ത് തുടങ്ങി. എറണാകുളത്ത് മുവാറ്റുപുഴയിലെ കേന്ദ്രം രണ്ടാഴ്ചയ്ക്കകം ആരംഭിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കുള്ള ശമ്പളം വിമുക്തി പദ്ധതിയില്‍ നിന്ന് നല്‍കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button