രാജസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വായടപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി വസുന്ധരാ രാജെ. തങ്ങള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ അജ്മേറില്‍ നടന്ന ബിജെപി റാലിക്കിടെയായിരുന്നു പ്രഖ്യാപനം. അജ്മേറിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. അതേസമയം കോണ്‍ഗ്രസ് വസുന്ധരാ രാജെയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന് വൈകിപ്പിച്ചത് രാജസ്ഥാനില്‍ പ്രഖ്യാപനം നടത്താനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഈ പ്രഖ്യാപനം നടത്താന്‍ സാധിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വസുന്ധരാ രാജെയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രാജസ്ഥാന് സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റും രംഗത്തെത്തിയിരുന്നു.
ഇതിന് മുമ്പും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ കയ്യിലെ പാവയായാണ് കമ്മിഷന് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Post Your Comments