
ഇടുക്കി: കാലാവസ്ഥ പ്രവചനത്തിൽ ആൾത്തിരക്കില്ലാതെ മൂന്നാർ. കനത്ത മഴയുണ്ടായേക്കുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതോടെ പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിലേയ്ക്ക് നീങ്ങിയ മൂന്നാര്‍ വീണ്ടും ആളൊഴിഞ്ഞ് അനാഥം.
വിനോദസഞ്ചാരികളുടെ ഇഷ്ടകാലമായ നീലക്കുറിഞ്ഞി വസന്തം വീണ്ടും എത്തിയപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു വിനോദ സഞ്ചാര മേഖലയ്ക്ക് ലഭിച്ചത്. ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം വരുന്ന സഞ്ചാരികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുവാന്‍ എത്തുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ശക്തമായുണ്ടായ മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലും കൊണ്ട് മൂന്നാര്‍ പാടേ തകര്‍ന്നു.
കൂടാതെ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്ന് വിട്ടതോടെ പഴയമൂന്നാര്‍ അടക്കമുള്ള മേഖലകള്‍ ള്ളത്തിനടിയിലാകുകയും ചെയ്തു. മൂന്നാര്‍,ദേവികുളം മേഖലകളില്‍ ഏഴോളം പേരുടെ ജീവനും നഷ്ടമായി. റോഡ് ഗതാഗതമടക്കം പുനസ്ഥാപിച്ചതോടെ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിന് സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തി തുടങ്ങുകയും ചെയ്തു. എന്നാല്‍ ന്യൂന മര്‍ദ്ദം മൂലം ഇടുക്കിയില്‍ വീണ്ടും മഴ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടം ഇടുക്കിയിലേയ്ക്കുള്ള വിനോദ സഞ്ചാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. നിരോധനമേര്‍പ്പെടുത്തിയതോടെ മൂന്നാറിലെത്തിയ സഞ്ചാരികളടക്കം തിരിച്ച് പോയി മൂന്നാർ ആൾത്തിരക്കൊഴിഞ്ഞിരിക്കുകയാണ്.
Post Your Comments