മുംബൈ: അല്‍ഫോണ്‍സ മാമ്പഴം ജിഐ ടാഗിട്ട് ഇനി നിങ്ങളുടെ വീട്ടിലെത്തും. കേന്ദ്രവാണിജ്യമന്ത്രി സുരേഷ് പ്രഭുവിന്റ പ്രത്യേക താത്പര്യപ്രകാരമാണ് അല്‍ഫോണ്‍സ മാമ്പഴത്തിന്റെ ഭൂമിശാസ്ത്രപരമായ സൂചനകള്‍ (ജി ഐ) പ്രചരിപ്പിക്കുന്നത്. താന്‍ ഉള്‍പ്പെടുന്ന കൊങ്കണ്‍ മേഖലയിലേക്കുള്ള കേന്ദ്രമന്ത്രിയുടെ സംഭാവന കൂടിയാണിത്.
മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അല്‍ഫോണ്‍സ ‘ഹാപൂസ്’ എന്നാണ് കൊങ്കണ്‍ മേഖലയില്‍ അറിയപ്പെടുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ള മാമ്പഴമാണിത്. ജിഐ ടാഗ് നല്കുന്നതുവഴി രത്നഗിരി, സിന്ധുദുര്‍ഗ്ഗ്, പാല്‍ഖര്‍, താനെ, റായ്ഗഢ് എന്നീ ജില്ലകള്‍ക്കും പുരോഗതിയുണ്ടാകുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.
രാജ്യത്ത് ജി ഐ ടാഗ് സ്വന്തമാക്കിയ 325 ഉത്പന്നങ്ങള്ക്കിടയിലേക്കാണ് അല്‍ഫോണ്‍സ മാമ്പഴവും കടന്നു ചെല്ലുന്നത്. 2004 ല്‍ ഡാര്‍ജിലിംഗില്‍ നിന്നുള്ള തേയിലയാണ് ആദ്യടാഗ് സ്വന്തമാക്കിയതെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ടാഗ് ലഭിക്കുന്നതുവഴി ഉത്പന്നത്തിന്റെ ഉറവിടം കൂടിയാണ് അംഗീകരിക്കപ്പൈടുന്നത്. മഹാബലേശ്വറിലെ സ്ട്രോബെറി, ജെയ്പ്പൂര്‍ നീല മണ്‍പാത്രങ്ങള്‍, ബനാറാസി സാരികള്‍, തിരുപ്പതി ലഡു എന്നിവ ജിഐ നിലവാരം നേടിയവയാണ്.
ചെറുകിട മേഖലകളില്‍ കൈകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഒട്ടേരെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം കൂടിയാണ് ജിഐ ടാഗ്.
Post Your Comments