മലപ്പുറം: ശക്തമായ കാറ്റ് വീശാനിടയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലിന് തെക്കുകിഴക്കായി വെള്ളിയാഴ്ച ന്യൂനമര്‍ദം ശക്തിപ്പെട്ട് ശക്തമായ ചുഴലിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന റിപോര്‍ട്ട്. കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്കി.
മലമ്പുഴ ഡാം കൂടി തുറന്നുവിട്ട സാഹചര്യത്തില്‍ മഴകൂടി ശക്തിപ്പെട്ടാല്‍ ഭാരതപ്പുഴ കരകവിഞ്ഞൊഴുകാനും സാധ്യതയുണ്ട്. തൂതപ്പുഴ വഴി ഭാരതപ്പുഴയിലെ വെള്ളം ഉയരുമെന്നാണ് കരുതുന്നത്. പൊന്നാനി ഹാര്‍ബറിലും പടിഞ്ഞാറേക്കര കടവിലും കെട്ടിയിട്ട ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്കി. ഞായറാഴ്ച കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments