Latest NewsNattuvartha

ആളുകളെ സ്വീകരിക്കാൻ വിനോദിന്റെ ‘ശീതൾ’ റോബട്ടുകൾ റെഡി

വയനാട് : വസ്ത്രശാലകളിലേക്കും ഹോട്ടലുകളിലേക്കും ആളുകളെ സ്വീകരിക്കാൻ വിനോദ് പൂളയങ്കരയുടെ ‘ശീതൾ’ റോബട്ടുകൾ റെഡി. സ്ഥാപനത്തിന്റെ പേരെഴുതിയ ബോർഡുകൾ വഴിയാത്രക്കാരെ നീട്ടിക്കാണിക്കാനും സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ വിളിച്ചു പറയാനും പെട്ടെന്നുണ്ടുകുന്ന വിഷയങ്ങളിൽ അറിയിപ്പുകൾ നൽകാനും ഈ റോബട്ടുകൾക്ക് കഴിയും.

ബത്തേരി ഡോൺബോസ്കോ ടെക്കിലെ അധ്യാപകനായ വിനോദ് ഒരു വർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് റോബട്ടിനെ പൂർണ പ്രവർത്തന സജ്ജമാക്കിയത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റോബട്ട് റെക്കോ‍ർഡ് ചെയ്തുവച്ച ശബ്ദം പുറപ്പെടുവിക്കുന്നതിനൊപ്പം മൊബൈൽ ഫോണുകളുമായി ബന്ധപ്പെടുത്തി ആവശ്യാനുസരണം സന്ദേശം കൈമാറുകയും ചെയ്യും.

മൊബൈൽ ഫോണുകൾ വഴിയോ കംപ്യൂട്ടറുകൾ വഴിയോ ടൈപ്പ് ചെയ്തു നൽകുന്ന ടെക്സ്റ്റ് സന്ദേശങ്ങൾ വായിച്ചു വളിച്ചു പറയാനും ഈ റോബട്ടിന് കഴിയും. തലയും കൈകളും ചലിപ്പിക്കുന്ന വിധത്തിലുള്ള വനിതാ റോബട്ടിനെയാണ് വിനോദ് നിർമിച്ചിട്ടുള്ളത്. ബ്ലൂടൂത്ത് ടെക്സ്റ്റ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് റോബട്ട് നിർമ‍ാണം പൂർത്തിയാക്കിയതെന്ന് വിനോദ് പറയുന്നു. മകളുടെ പേര് തന്നെ റോബട്ടിനും കൊടുത്തു–ശീതൾ. 20000 രൂപയാണ് ആദ്യത്തെ റോബട്ടിനു ചെലവ് വന്നത്. വ്യാവസായിക അടിസ്ഥാനത്തിലാണെങ്കിൽ ഏറെ ചെലവ് കുറയുമെന്നും അദ്ദേഹം പറയുന്നു.

അടുത്ത ഘട്ടത്തിൽ വസ്ത്രശാലകളിലെ സെയിൽസ് വിഭാഗത്തിലും ഹോട്ടലുകളിലെ ഭക്ഷണ വിതരണ വിഭാഗത്തിലും അക്കൗണ്ടിങ് വിഭാഗത്തിലും ജോലി ചെയ്യാൻ പ്രാപ്തിയുള്ള റോബട്ടിനെ നിർമിക്കുകയാണ് വിനോദിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button