മാവേലിക്കര: അഴകിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന കൊമ്പന്‍ മാവേലിക്കര ഉണ്ണികൃഷ്ണനു പേശീബലക്ഷയം മൂലം അസ്വാസ്ഥ്യം അനുഭവപ്പെട്ടു.
മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൊമ്പനാനയാണ് ഉണ്ണികൃഷ്ണന്‍. 52 വയസ്സുള്ള ഉണ്ണികൃഷ്ണന് ഇന്നലെ രാവിലെ കിടന്നതിനു ശേഷം തനിയെ എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് ആനയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വടം കെട്ടിയാണ് ഉയര്‍ത്തിയത്. കൂടാതെ തുമ്പിക്കൈ കൊണ്ടു ഭക്ഷണം കഴിക്കാനും ആനയ്ക്ക് കഴിയുന്നില്ല.
കുറച്ചു മാസങ്ങള്‍ക്കുമുമ്പം സമാനമായ രീതിയില്‍ കിടപ്പിലായ ആനയെ സംരക്ഷിക്കുന്നില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അന്നും ആനയെ വടത്തില്‍ കപ്പികെട്ടിയായിരുന്നു ഉയര്‍ത്തിയത്. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വനംവകുപ്പ്, വെറ്ററിനറി സര്‍വകലാശാല എന്നിവിടങ്ങളിലെ 5 വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് ആനയുടെ ചികിത്സയ്ക്കു എത്തിയിരുന്നു.
ആന ചികിത്സകനായ വടക്കാഞ്ചേരി ആവണപ്പറമ്പില്‍ മഹേശ്വരന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശത്തില്‍ കിഴി, എണ്ണ ഇടീല്‍ ഉള്‍പ്പെടെയുള്ള ആയുര്‍വേദ ചികിത്സകളുംഇപ്പോഴും പുരോഗമിക്കുന്നുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരമാണിത്. ചികിത്സയ്ക്കായി ബോര്‍ഡ് ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്നലെയും ആന വീണതറിഞ്ഞു ഡോക്ടര്‍മാരെത്തി ആയുര്‍വേദ ചികിത്സ തുടരുന്നതിനും പ്രോട്ടീന്‍ പൗഡര്‍ കൂടുതല്‍ നല്‍കുന്നതിനും നിര്‍ദ്ദേശിച്ചു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനക്കൊട്ടിലിലാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണനെ തളച്ചിരിക്കുന്നത്. ആനപ്രേമികളുടെ സഹായവും ഇവിടെയെത്തുന്നുണ്ട്.
Post Your Comments