അബുദാബി: 4 വര്‍ഷമായി നാട്ടിൽ പോകാനാകാതെ യുഎഇയിൽ കുടുങ്ങിയ യുവാവിന് ഒടുവിൽ സുമനസുകളുടെ സഹായത്തോടെ മോചനം. യുഎഇ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായ കണ്ണൂരുകാരന് അജിത്താണ് സമൂഹ്യപ്രവര്‍ത്തകരുടെ കാരുണ്യത്താൽ നാട്ടിലേക്കെത്തുക.
അജിത്ത് നാലുവര്‍ഷം മുമ്പ് സ്വദേശി തൊഴിലുടമയുടെ ആവശ്യ പ്രകാരം അദ്ദേഹത്തിന്റെ മകന് ജാമ്യമെടുക്കാന്‍ അജിത്തിന്റെ പാസ്പോര്ട് പോലീസില്‍ ഹാജരാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഉടന്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പാസ്പോര്ട് വാങ്ങിയതെങ്കിലും നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പാസ്പോർട്ടു കിട്ടാനായി ഷാർജ അതിവേഗ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി ചെന്നപ്പോൾ തൊഴിലുടമ മരിച്ചതായി കണ്ടെത്തി. ഇത് പ്രശ്നം വഷളാക്കുകയായിരുന്നു.
ഡ്രൈവറായ അജിത്തിന് നിയമപരമായി പാസ്പോര്ട് നേടിയെടുക്കാനുള്ള സാമ്പത്തിക ചെലവ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നാലുവര്‍ഷമാണ് യുഎഇയില്‍ ദുരിതമനുഭവിച്ചത്. പിന്നീട് പ്രവാസി മലയാളികളും സാമൂഹ്യപ്രവര്‍ത്തകന്‍ സലാംപപ്പിനിശ്ശേരിയുടേയും ഇടപെടലിനെ തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്സ് സൗജന്യമായി കേസ് നടത്താന്‍ തയ്യാറായതോടെയാണ് 51കാരനായ അജിത്തിന് നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങിയത്.
Post Your Comments