Latest NewsNattuvartha

ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ എണ്‍പതുകാരന്‍ ആംബുലന്‍സില്‍ എത്തി

തോപ്പുംപടി: പെന്‍ഷന്‍ വാങ്ങാന്‍ എണ്‍പതുകാരനെത്തിയത് ആംബുലന്‍സില്‍. കൈയും കാലും പ്ലാസ്റ്ററിട്ട നിലയില്‍ ടി.ജി. ദാനവനാണ് പള്ളുരുത്തി സബ് ട്രഷറി ഓഫീസില്‍ ആംബുലന്‍സിലെത്തിയത്. റിട്ട. എസ്‌ഐ പള്ളുരുത്തി എസ്ഡിപിവൈ റോഡ് ധന്യയില്‍ ദാനവന്‍ 25 വര്‍ഷമായി പള്ളുരുത്തി സബ് ട്രഷറിയില്‍ നിന്നാണ് പെന്‍ഷന്‍ വാങ്ങുന്നത്. കഴിഞ്ഞ മാസം പെന്‍ഷന്‍ വാങ്ങാനെത്തിയ ദാനവന്‍ സ്‌കൂട്ടറില്‍ നിന്നും വീണ് ഇടതുകാലിനും വലതുകൈയ്ക്കും ഒടിവുണ്ടായി. തുടര്‍ന്ന് പെന്‍ഷന്‍ വാങ്ങാന്‍ 1ാം തീയ്യതി മരുമകനോട് ആവശ്യപ്പെട്ടു ദാനവന്‍. ചെക്കില്‍ വിരലടയാളം പതിപ്പിച്ച് സബ് ട്രഷറി ഓഫിസിലേക്ക് കൊടുത്തും വിട്ടു. എന്നാല്‍ വിരലടയാളം ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണമെന്ന് സബ് ട്രഷറി ഓഫീസര്‍ ആവശ്യപ്പെട്ടു.

വിരലടയാളം തന്റേത് തന്നെയാണെന്ന് ഫോണിലൂടെ ദാനവന്‍ ഓഫീസറോട് പറഞ്ഞുവെങ്കിലും വിരലടയാളം സാക്ഷ്യപ്പെടുത്തണമെന്നും അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാന്‍ നേരിട്ട് വരണമെന്നും ഓഫീസര്‍ പറഞ്ഞു. ഒടുവില്‍ കഴിഞ്ഞ ദീവസം രാവിലെ ആംബുലന്‍സില്‍ മകള്‍ക്കും മരുമകനുമൊപ്പം സബ് ട്രഷറി ഓഫീസില്‍ ദാനവന്‍ എത്തി. തുടര്‍ന്ന് ഓഫീസര്‍ ആംബുലന്‍സിനടുത്തേക്ക് ചെന്ന് ദാനവനെ കണ്ടു. സംഭവമറിഞ്ഞ് എത്തിയ ആളുകള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്തു. എന്നാല്‍ ചെക്കില്‍ വിരലടയാളം ഉണ്ടായെങ്കിലും നിയമ പ്രകാരം അത് ആരെങ്കിലും സാക്ഷ്യപ്പെടുത്തിയാലെ പെന്‍ഷന്‍ അനുവദിക്കാന്‍ കഴിയൂവെന്ന് സബ് ട്രഷറി ഓഫിസര്‍ ആര്‍ എന്‍ വിശ്വനാഥന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button