KeralaLatest News

ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിനെ അതിജീവിക്കുന്ന നാട് സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണം അതിവേഗതയില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് കെ. യു. ഡബ്യു. ജെ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് ചുമതല വഹിക്കാന്‍ ഉന്നതാധികാര സമിതിയുണ്ടാവും. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാ വിഭാഗവും ഉള്‍പ്പെടുന്ന സമിതിയാവും ഇത്. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഈ സമിതിക്ക് നല്‍കണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രളയം ബാധിച്ച ഓരോ സ്ഥലത്തിന്റേയും പ്രത്യേകത അനുസരിച്ചുള്ള പുനര്‍നിര്‍മാണ പദ്ധതികള്‍ നടപ്പാക്കേണ്ടി വരും. ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിനെ അതിജീവിക്കുന്ന നാട് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിവിധ മേഖലയിലുള്ളവര്‍ സംഭാവന നല്‍കുന്നുണ്ട്. ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഫണ്ട് വാങ്ങാനല്ല തീരുമാനിച്ചത്. സംഭാവന നല്‍കുന്നതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ലോകബാങ്കിന്റേയും എ. ഡി. ബിയുടെയും വായ്പ ലഭിച്ചാലും വേണ്ടത്ര തുകയാവില്ല. അതിനാലാണ് മറ്റു സഹായങ്ങള്‍ തേടുന്നത്. കേരളത്തിനെ സഹായിക്കുന്നതില്‍ ഇതുവരെ കേന്ദ്രം നല്ല സമീപനമാണ് സ്വീകരിച്ചത്.

പ്രളയ സമയത്ത് കേരളത്തിന്റെ മതേതരസ്വഭാവം പ്രകടമായി. എല്ലാ ആരാധനാലയങ്ങളും എല്ലാവരുടെയും രക്ഷാകേന്ദ്രമാണെന്ന തരത്തിലെ ചിന്ത ഉയര്‍ന്നു വന്നത് ഈ പൊതുബോധത്തിന്റെ ഭാഗമായാണ്. ഇത്തരം സ്വഭാവം രാജ്യത്തിന്റെ മറ്റു പല ഭാഗത്തും കാണാനാവില്ല. സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തത്. ആ ഘട്ടത്തില്‍ നാം കാട്ടിയ ഐക്യം രാജ്യവും ലോകവും അംഗീകരിക്കുന്നതായി.

സാമൂഹ്യ പ്രതിബദ്ധത കുറയുന്നു എന്ന തരത്തില്‍ യുവാക്കളെ കുറിച്ചുള്ള വിമര്‍ശനം വസ്തുതയല്ലെന്ന് പ്രളയകാലത്തെ അവരുടെ പ്രവര്‍ത്തനം തെളിയിച്ചു. യുവജനങ്ങള്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. മഹാപ്രളയം സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. ഇതില്‍ നിന്ന് പലരും ഇപ്പോഴും മുക്തരായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദന പത്രം മുഖ്യമന്ത്രി വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കെ. യു. ഡബ്യു. ജെ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറി. സംഘടനയുടെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, കെ. യു. ഡബ്യു. ജെ ജില്ലാ സെക്രട്ടറി ആര്‍. കിരണ്‍ബാബു എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button