ഹൈദരാബാദ്: നവജാത ശിശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് ഹൈദ്രബാദില്‍ സ്ഥിരം കാഴ്ചയാവുന്നു. തൊട്ടില്‍ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം കൂടുതലും കുഞ്ഞുങ്ങളും ഉപേക്ഷിക്കപ്പെടുന്നത് ചവറുകൂനകളിലും ദേവാലയങ്ങളിലുമാണ്. കുട്ടികളെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വനിതാ ശിശുവികസന മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. എണ്‍പതോളം നവജാതശിശുക്കള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദില്‍ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ടന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഉപേക്ഷിക്കപ്പെടുന്നതിലേറെയും പെണ്‍കുഞ്ഞുങ്ങളാണ്.
എല്ലാ മാസവും നാലു കുട്ടികളെയെങ്കിലും കിട്ടാറുണ്ടെന്ന് വനിതാ ശിശുവികസന മന്ത്രാലയം അധികൃതര്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം പത്തൊന്‍പത് ശിശുക്കളെയാണ് കണ്ടെത്തിയത്. കൂടാതെ ആഴ്ചകള്‍ക്ക് മുമ്പ് ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് മാസം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തിയിരുന്നു. നല്‍ഗോണ്ട, സംഗറെഡ്ഡി ജില്ലകളില്‍ നിന്നാണ് കൂടുതല്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ തെരുവില്‍ ഉപേക്ഷിക്കുന്നതിനെതിരെ ജനങ്ങളില്‍ ബോധവത്കരണം നടത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
Post Your Comments