ഗാന്ധിനഗര്‍: ഗിര്‍ വനത്തിലെ സിംഹങ്ങള്‍ ചത്തൊടുങ്ങിയതിനു പിന്നിലുള്ള കാരണം കണ്ടെത്തി. ഗിര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തൊടുങ്ങിയ 23 സിംഹങ്ങളില്‍ പലതിനും കനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് (സി.ഡി.വി) ബാധയുണ്ടായിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ചത്ത 23 സിംഹങ്ങളില്‍ 11 എണ്ണത്തിനും സി.ഡി.വി വൈറസും പ്രോട്ടോസോള്‍ അണുബാധയുമുണ്ടായിരുന്നതായാണ് കണ്ടെത്തിയത്.
ഏതാനും സിംഹങ്ങള്‍ കൂടി ഗുരുതരാവസ്ഥയിലാണ്. 1990 ല്‍ ടാന്‍സാനിയയിലെ സെറെന്‍ഗെട്ടി വനമേഖലയില്‍ ആയിരത്തോളം സിംഹങ്ങളുടെ കൂട്ടമരണത്തിനിടയാക്കിയ വൈറസാണ് സി.ഡി.വി. അന്ന്ടാന്‍സാനിയന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ നിന്ന് വാക്സിനുകള്‍ വരുത്തിയാണ് വൈറസിനെ നിയന്ത്രണത്തിലാക്കിയത്. അമ്രേലി ജില്ലയില്‍ ഗിര്‍വനത്തിലെ ദല്‍ഖാനിയ റേഞ്ചില്‍ സരാസിയയിലെസിംഹങ്ങള്‍ക്കാണ് രോഗം പടര്‍ന്നത്. സെപ്തംബര്‍ 12നും 19നും ഇടയില്‍ 11 സിംഹങ്ങളുടെ ജഡം ലഭിച്ചിരുന്നു. ബാക്കിയുള്ളവയെ പിടികൂടി ജാംവാലയിലെ നിരീക്ഷണകേന്ദ്രത്തിലാക്കി. ഇവിടെ വച്ചാണ് 12 സിംഹങ്ങള്‍ ചത്തത്. ഗിര്‍ വനത്തില്‍ സി.ഡി വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ 2011ലും 13ലും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
Post Your Comments