
മുംബൈ: വിഖ്യാത ചിത്രം ‘നിലവിളക്കേന്തിയ വനിതയ്ക്കു ‘ പ്രചോദനമായ ഗീത ഉപ്‌ലേക്കർ വിടവാങ്ങി. വിഖ്യാത ചിത്രകാരൻ എസ്.എൽ. ഹൽദങ്കറുടെ പ്രശസ്തമായ ‘നിലവിളക്കേന്തിയ വനിത’യ്ക്കു മാതൃകയായ ഗീത ഉപ്‌ലേക്കർ നൂറ്റിരണ്ടാം വയസ്സിലാണു വിടവാങ്ങുന്നത് .
1945–46 കാലത്തെ ഒരു ദീപാവലി ദിവസം ഹൽദങ്കറുടെ മൂന്നാമത്തെ മകളായ ഗീത അമ്മയുടെ സാരിയും ധരിച്ച് മെഴുകുതിരിയുമായി വിളക്കുകൾ തെളിക്കാനിറങ്ങിയ പന്ത്രണ്ടുവയസ്സുള്ള മകളെ കണ്ടപ്പോൾ, ചിത്രം വരയ്ക്കാൻ നിന്നു തരാൻ ഹൽദങ്കർ അവളോട് ആവശ്യപ്പെടുകയായിരുന്നു. കാറ്റിൽ കെട്ടു പോകാതെ കൈവെള്ള കൊണ്ടു മറച്ചു പിടിച്ച ദീപവും അതു പിന്നിൽ സൃഷ്ടിക്കുന്ന വെളിച്ചത്തിന്റെയും നിഴലുകളുടെയും മനോഹര വിന്യാസവുമാണ് ‘ഗ്ലോ ഓഫ് ഹോപ് ’ എന്നും പേരുള്ള ഈ ജലച്ചായചിത്രത്തിന്റെ ആകർഷണം.
3 ദിവസം കൊണ്ടു പൂർത്തിയായ രചന മൈസുരു മഹാരാജാവ് 300 രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. മൈസുരു ജഗൻമോഹൻ കൊട്ടാരത്തിലെ ജയചാമ രാജേന്ദ്ര ആർട്ട് ഗ്യാലറിയിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണു ചിത്രം. എട്ടു കോടി രൂപ നൽകി ഇതു സ്വന്തമാക്കാനായി ഏതാനും വർഷം മുൻപു ഫ്രാൻസിൽ നിന്ന് ആളുകൾ സമീപിച്ചിട്ടും വിട്ടുകൊടുക്കാൻ ആർട്ട് ഗ്യാലറി വിസമ്മതിച്ചു.
Post Your Comments