കണ്ണൂര്‍•വൃത്തിയായും ശുചിത്വത്തോട് കൂടിയതും എഫ്.എസ്.എസ്.എ. ലൈസന്‍സുമുള്ള സ്ഥാപനങ്ങളില്‍ നിന്നുമാത്രമേ ഷവര്‍മ്മ കഴിക്കാവൂ എന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
തുറന്നു വെച്ചതും, പൊടി, പുക തട്ടി കച്ചവടം ചെയ്യുന്നതുമായ സ്ഥാപനത്തില്‍ നിന്നും ഒരു കാരണവശാലും ഷവര്‍മ്മ കഴിക്കാതിരിക്കുക. ഷവര്‍മ്മ അതിന്റെ കൂടെ നല്‍കുന്ന മയോനൈസ് എന്നിവയ്ക്ക് രുചി വ്യത്യാസം മണ വ്യത്യാസം കാണുകയാണെങ്കില്‍ കഴിക്കാതിരിക്കുക. ചെറിയ കുട്ടികള്‍ക്ക് രാത്രി ഏഴ് മണിക്ക് ശേഷം ഷവര്‍മ്മ കഴിക്കാന്‍ കൊടുക്കാതിരിക്കുക.
പാര്‍സലായി ഷവര്‍മ്മ വാങ്ങിച്ചാല്‍ ഒരു കാരണവശാലും റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് അടുത്ത ദിവസം കഴിക്കാതിരിക്കുക. ഷവര്‍മ്മയുടെ കൂടെ നല്‍കുന്ന കബൂസിന് മണ വ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക.
ഷവര്‍മ്മ നിര്‍മ്മിക്കുന്നതിനായി ശുദ്ധമായതും ഗുണമേന്മയുള്ളതും ഫ്രഷ് ആയി ലഭിച്ചതുമായ ചിക്കന്‍/ബീഫ് എന്നിവയേ സ്ഥാപനങ്ങള്‍ ഉപയോഗിക്കാവൂ. ചിക്കന്‍/ബീഫ് വാങ്ങിയ ഉടന്‍ കഴുകി വൃത്തിയാക്കി സ്റ്റീല്‍ പാത്രത്തില്‍ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ ഫ്രീസറില്‍ സൂക്ഷിക്കുക. ഷവര്‍മ്മ തയ്യാറാക്കാനായി ചിക്കന്‍/ബീഫ് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രം ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത്, ചൂടാക്കി പരമാവധി വേവിച്ച് 70 ഡിഗ്രി സെല്‍ഷ്യസില്‍ പാകം ചെയ്ത് നല്‍കുക. ഷവര്‍മ്മ തയ്യാറാക്കി ഒരു മണിക്കൂറിനുള്ളില്‍, ഷവര്‍മ്മയ്ക്കുളള മയോനൈസ്, മുട്ടയുടെ വെള്ള, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുക. ഒരു കാരണവശാലും ഷവര്‍മ്മ മയോനൈസ് ബാക്കി വരുന്നത് അടുത്ത ദിവസം വീണ്ടും ഉപയോഗിക്കാതിരിക്കുക.
പാകം ചെയ്ത മാംസാഹാരം മൂന്ന് മണിക്കൂര്‍ കൂടുതല്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക. കൂടുതല്‍ സമയം ഉപയോഗിക്കണമെങ്കില്‍ 70 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ച്ചയായി ചൂടാക്കി ഉപയോഗിക്കുക. അല്ലാത്ത പക്ഷം ഫ്രീസറില്‍ സൂക്ഷിക്കുക.
Post Your Comments