കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവിയേറ്റുവാങ്ങി എടികെ. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടു എടികെ തോൽവി വഴങ്ങിയത്. 89-ാം മിനിറ്റിൽ റൗളിൻ ബോർഗെസാണ് നോർത്ത് ഈസ്റ്റിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മൽസരത്തിന്റെ അവസാന മിനിറ്റുകളിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നേട്ടം. എടികെയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ 32-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡും ഒപ്പം റെഡ് കാർഡും വാങ്ങി സേന റാൾട്ടെ പുറത്തായതോടെ എടികെ പത്തുപേരായി ചുരുങ്ങി.
35–ാം മിനിറ്റു മുതൽ 10 പേരുമായി നോർത്ത് ഈസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിച്ച എടികെയ്ക്ക്, ഒരു നിമിഷം ശ്രദ്ധ പതറിയ നിമിഷത്തിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോൾ. ഇതോടെ, രണ്ടു കളികളിൽനിന്ന് നാലു പോയിന്റുമായി നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആദ്യ മൽസരത്തിൽ നോർത്ത് ഈസ്റ്റ്, എഫ്സി ഗോവയുമായി രണ്ടു ഗോളടിച്ച് സമനില പാലിച്ചിരുന്നു. തുടർച്ചയായ രണ്ടാം തോൽവിയോടെ അവസാന സ്ഥാനത്താണ് എടികെ.
Post Your Comments