Latest NewsIndia

ഇന്ത്യ-റഷ്യ കരാറില്‍ അമേരിക്കയ്ക്ക് ഭയം : ഇന്ത്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് റഷ്യയുടെ ഉറപ്പ്

ന്യൂഡല്‍ഹി : ഇന്ത്യ-റഷ്യ കരാറില്‍ ഉത്കണ്ഠയോടെ അമേരിക്ക. ഇന്ത്യ അമേരിക്കയുമായുള്ള അടുപ്പം നിലനിര്‍ത്തുമ്പോള്‍ തന്നെ രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഏറ്റവും അധികം വിശ്വസിക്കാവുന്ന പങ്കാളിയായി ഇന്ത്യ കരുതുന്നതും റഷ്യയെ തന്നെയാണ്. അതു കൊണ്ടു തന്നെയാണ് അമേരിക്കന്‍ ഭീഷണി വകവയ്ക്കാതെ 36,882 കോടിയുടെ ഇടപാടിന് റഷ്യയുമായി കരാര്‍ ഒപ്പിടാന്‍ ഇന്ത്യ ഒരുങ്ങുന്നത്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫും ഇതില്‍പ്പെടും. തങ്ങളുമായി സഖ്യമുള്ള രാജ്യങ്ങള്‍ റഷ്യയുമായി ഇടപാടുകള്‍ നടത്തരുതെന്ന് ബുധനാഴ്ചയാണ് അമേരിക്ക മുന്നറിയിപ്പു നല്‍കിയത്.

ഇന്ത്യയുടെ എക്കാലത്തെയും ഉറച്ച സഖ്യകക്ഷികളാണ് റഷ്യയും ഫ്രാന്‍സും.. അമേരിക്ക പാക്കിസ്ഥാനെ സൈനികമായി സഹായിച്ച കാലഘട്ടത്തില്‍ അമേരിക്കന്‍ പടക്കപ്പലുകളെ വഴി തടഞ്ഞ് തിരിച്ചയച്ചത് സോവിയറ്റ് യൂണിയന്റെ പടകപ്പലുകളായിരുന്നു. കമ്യൂണിസ്റ്റ് ഭരണം തകര്‍ന്ന് റഷ്യയായി രൂപാന്തരം പ്രാപിച്ചപ്പോഴും ഇന്ത്യയില്‍ ഭരണകൂടങ്ങള്‍ മാറി മറിഞ്ഞപ്പോഴും ഈ ബന്ധത്തിന് ഒരിളക്കവും തട്ടിയിരുന്നില്ല.

ദോക് ലാം വിഷയത്തില്‍ ചൈനീസ് അതിര്‍ത്തി കടന്നു എന്ന് ആരോപിച്ച് ഇന്ത്യക്കെതിരെ ചൈന തിരഞ്ഞപ്പോഴും അത് ഏറ്റുമുട്ടലിലേക്ക് എത്താതിരുന്നതിനു പിന്നിലും അദൃശ്യമായ റഷ്യന്‍ സാന്നിധ്യം ഉണ്ടായിരുന്നു.

വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ എസ് 400 കരാര്‍ ഒപ്പിടാനാണ് ഇന്ത്യ ആലോചിക്കുന്നത്. എന്നാല്‍, യുഎസിന്റെ സഖ്യകക്ഷികളായ രാജ്യങ്ങള്‍ റഷ്യയുമായി യാതൊരു ഇടപാടും നടത്തരുതെന്നും അങ്ങനെയുണ്ടായാല്‍ കാറ്റ്സാ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാക്ഷന്‍സ് ആക്ട്) നിയമപ്രകാരമുള്ള ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. മുഖ്യമായും റഷ്യയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക കാറ്റ്സ നിയമം കൊണ്ടുവന്നത്.

അതേസമയം, റഷ്യയുമായുള്ള ഇടപാടിന്റെ പേരില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് മോസ്‌കോ കേന്ദ്രമായ അനാലിസിസ് ഓഫ് വേള്‍ഡ് ആംസ് ട്രേഡ് തലവന്‍ ഐഗര്‍ കൊറോത്ചെങ്കോ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ അമേരിക്കയുടെ ആയുധങ്ങള്‍ ഇന്ത്യ വേണ്ടെന്നു പറയാന്‍ സാധ്യതയില്ലാത്തതിനാല്‍, റഷ്യന്‍ കരാറിനെച്ചൊല്ലി ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കില്ലെന്നുമാണ് റഷ്യ ചൂണ്ടിക്കാണിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button