KeralaLatest NewsIndia

റോഹിങ്ക്യന്‍ സംഘം വിഴിഞ്ഞത്ത് പോലിസ് പിടിയില്‍: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ നടപടി ശക്തമാക്കി പോലിസ്

കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ നിന്നും റോഹിങ്ക്യകള്‍ കേരളത്തിലേക്ക് കടക്കുന്നതായി റെയില്‍വെ സുരക്ഷാ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിഴിഞ്ഞത്ത് കുടിയേറ്റക്കാരായ റോഹിങ്ക്യകളെ പോലിസ് പിടികൂടി. അഞ്ചംഗ കുടുംബമാണ് പിടിയിലായത്. കേരളത്തിലേക്ക് റോങിങ്ക്യകള്‍ ചേക്കേറുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് വിഴിഞ്ഞത്ത് റോഹിങ്ക്യകള്‍ പിടിയിലാവുന്നത്. ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ കേരളത്തിലെത്തിയതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ നിന്നും റോഹിങ്ക്യകള്‍ കേരളത്തിലേക്ക് കടക്കുന്നതായി റെയില്‍വെ സുരക്ഷാ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 14 ട്രെയിനുകളില്‍ പരിശോധന ശക്തമാക്കാന്‍ ചെന്നൈ റെയില്‍വെ ഡിവിഷന്‍ സുരക്ഷ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് റെയില്‍വെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുത്. ഇവര്‍ക്കു നല്‍കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താന്‍ ഇടയാക്കരുതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു .

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സുരക്ഷ പരിശോധന കര്‍ശനമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരായ റോഹിങ്ക്യകളെ തിരിച്ചയാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇതോടെയാണ് പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ റോഹിങ്ക്യകള്‍ ദക്ഷിണേന്ത്യയിലേക്ക് കടക്കുന്നത്.

ഹൈദരാബാദ്, കേരളം, ചെന്നെയിലെ തീരമേഖല എന്നിവിടങ്ങളിലേക്കാണ് റോഹിങ്ക്യകള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള കേരളവും അവര്‍ സുരക്ഷിത കേന്ദ്രങ്ങളായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൗരവമേറിയ സുരക്ഷ വെല്ലുവിളി ഉയര്‍ത്തുന്ന റോഹിങ്ക്യന്‍ കടന്നു കയറ്റത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പോലിസും ഇത്തരം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button