KeralaLatest News

ഒരായിരം ഹൃദയങ്ങളെ കണ്ണീരിലാഴ്ത്തി ബാലു പോയി: പ്രിയ സുഹൃത്തിന് സംഗീതം കൊണ്ടുള്ള യാത്രാമൊഴി നല്‍കി സ്റ്റീഫന്‍ ദേവസ്സിയും കൂട്ടുകാരും

ആറു മണിയോടെ മൃതദേഹം തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കലാഭവനില്‍ നിന്ന് പുറത്തെടുക്കുന്നതു വരെ സംഗീതാര്‍ച്ചന തുടര്‍ന്നു

തിരുവന്തപുരം: ആയിരം കണ്ണുമായ്, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, ഉയിരേ, സ്‌നേഹിതനേ തുടങ്ങി ബാലുവിന്റെ പ്രിയ ഈണങ്ങളായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരന്റെ ജീവസ്സുറ്റ ശരീരത്തിനരികിലിരുന്ന് അവര്‍ വായിച്ചത്. സംഗീതത്തെ ഇത്രയധികം പ്രണയിച്ച് ബാലഭാസ്‌കറിനു യാത്രാമൊഴി നല്‍കാന്‍ മറ്റൊന്നിനും കഴിയുമായിരുന്നില്ല. ബാലഭാസ്‌കറിന്റെ ജീവനും ജീവിതവും സംഗീതമായിരുന്നു. ജനിച്ചതു മുതല്‍ മരിക്കുന്നവരെ ബാലു സംഗീതത്തെ നെഞ്ചോടു ചേര്‍ത്തിരുന്നു. ശ്വാസം നിലയ്ക്കുന്നതിനു മുമ്പുവരെ ബാലും സംസാരിച്ചത് തന്റെ സംഗീത ജീവിത്തിലേയ്ക്കുള്ള തിരിച്ചു വരവിനെ കുറിച്ചായിരുന്നു. അതുകൊണ്ടുതന്നെ മരണത്തിലും ബാലുവിന് സംഗീതത്തിന്റെ കൂട്ടുവേണമെന്നത് ഉറ്റ സുഹൃത്തുക്കളുടെ നിര്‍ബന്ധമായിരുന്നു.

ഇന്നലെ വൈകീട്ട് കലാഭവനിലെ രണ്ടു മണിക്കൂറോളം നീണ്ട പൊതുദര്‍ശന ചടങ്ങിന് പിന്നണിയായി വയലിനും കീബോര്‍ഡിലും കൂട്ടുകാര്‍ ഈണങ്ങള്‍ തീരത്തപ്പോള്‍ ഉറ്റവരുടെ കണ്ണീരിനൊപ്പം മഴ തോരാതെ പെയ്യുകയായിരുന്നു. എന്നും സദസ്സുകളെ ഇളക്കിമറിച്ച് ബാലഭാസ്‌കറും
സ്റ്റീഫന്‍ ദേവസ്സിയും റോജോയും രജിത്തും വില്യമും പാച്ചുവും ശിവകുമാറു അടങ്ങുന്ന കൂട്ടുക്കെട്ടില്‍ ഇന്നൊരാളില്ല. വയലിനില്‍ റോജോയും കീബോര്‍ഡില്‍ സ്റ്റീഫനും യാത്രാമൊഴിയായി ബാലുവിന് വേണ്ടി ഈണങ്ങളൊരിക്കിയപ്പോള്‍ സങ്കടം താങ്ങാനാവാതെ ഇരുവരും തേങ്ങുകയായിരുന്നു. ഒടുവില്‍ കരച്ചിലടക്കാന്‍ പാടുപെട്ട സ്റ്റീഫന്‍ തറയിലിരുന്ന് പൊട്ടിക്കരഞ്ഞു.

ആറു മണിയോടെ മൃതദേഹം തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കലാഭവനില്‍ നിന്ന് പുറത്തെടുക്കുന്നതു വരെ സംഗീതാര്‍ച്ചന തുടര്‍ന്നു. കലാഭവന്റെ മുറ്റത്തുനിന്ന് തിരുമലയിലെ സ്വന്തം വീട്ടിലേയ്ക്ക് ബാലുവിന്റെ മടക്കയാത്രയെ അനുഗമിക്കാന്‍ ബാലുവിന്റേയും ലക്ഷിയുടേയും പ്രണയത്തില്‍ അനേകം കഥകള്‍ക്ക് സാക്ഷിയായ മഴയും തോരാതെ പെയ്യുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button