തിരുവനന്തപുരം: വായ്പാ തട്ടിപ്പില്‍ ഡോ രാജശ്രീ അജിത് അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 3.74 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി.ഡോ: രാജശ്രീ അജിത്തും ഭര്‍ത്താവുമടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് എസ്പി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി പ്രതികള്‍ ഡിസംബര്‍ 12ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
കെ.റ്റി.ഡി.സി മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.രാജശ്രീ അജിത്, ഫിനാന്‍സ് ചീഫ് മാനേജര്‍ നിര്‍മ്മലാദേവി, അഡ്മിനിസ്ട്രേഷന്‍ ചീഫ് മാനേജര്‍ സി.എസ്.ശ്രീകുമാരന്‍ നായര്‍, സീനിയര്‍ അസിസ്റ്റന്റ് ശാലിനി ദേവി, ഇന്റേണല്‍ ഓഡിറ്റര്‍ മോഹന കുമാര്‍, രാജശ്രീയുടെ ഭര്‍ത്താവും സ്പൈസ് വാലി കോണ്ടിനെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.എസ്.അജിത്കുമാര്‍, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സി.ആര്‍.സുരേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2006 ഏപ്രില്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി അജിത് തന്റെ ഭര്‍ത്താവാണെന്ന വിവരം മറച്ച് വെച്ച് നിയമ വിരുദ്ധമായും വഞ്ചനാപരമായും വസ്തുവാങ്ങല്‍ – കെട്ടിട നിര്‍മ്മാണ വായ്പ അനുവദിക്കുകയായിരുന്നു. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘ഐശ്വര്യ ഗൃഹ നിര്‍മ്മാണ ഫിനാന്‍സ് പദ്ധതി ‘ യുടെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2.40 കോടി രൂപയുടെ വായ്പയാണ് കമ്പനിക്ക് നല്‍കിയത്.
Post Your Comments