Latest NewsKerala

കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം നല്‍കി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം•കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഒക്ടോബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും, നിയമപരവും, ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31 ന് മുന്‍പ് ലയനനടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഇക്കാര്യം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അനുമതിയും തുടര്‍ലൈസന്‍സിംഗ് നടപടികളും സാധ്യമാക്കണമെന്നും കത്തില്‍ പറയുന്നു.

കേരള സഹകരണനിയമവും ചട്ടവും സമ്പൂര്‍ണമായും പാലിച്ച് വേണം ലയനം നടത്താനെന്ന് റിസര്‍വ് ബാങ്ക് കത്തില്‍ സൂചിപ്പിച്ചിട്ടുള്ള വ്യവസ്ഥകളില്‍ പറയുന്നു. ലയനത്തെ സ്റ്റേ ചെയ്തുകൊണ്ടോ നിരോധിച്ചുകൊണ്ടോ കോടതിവിധികള്‍ ഒന്നുമില്ല എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കേരള സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കും ഒരു ലയന പദ്ധതി തയ്യാറാക്കി അവരുടെ അംഗങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കണം. ജനറല്‍ ബോഡി മുമ്പാകെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനപ്രമേയം അവതരിപ്പിച്ച് പാസാക്കണം. ഒക്‌ടോബര്‍ 4 മുതല്‍

ജില്ലാബാങ്കുകളും, സംസ്ഥാന സഹകരണ ബാങ്കും, സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവയ്ക്കണം. ഭരണസമിതി, മാനേജ്‌മെന്റ് ഘടനകള്‍, മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആസ്തി-ബാധ്യതകളുടെ കൈമാറ്റം എന്നീ കാര്യങ്ങളാണ് ധാരണാപത്രത്തില്‍ വരേണ്ടത്.

ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധനപര്യാപ്തതയും നെറ്റ് വര്‍ത്തും റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണം. ഏതെങ്കിലും തരത്തില്‍ കുറവുകള്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നികത്തണം. ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് എല്ലാവിധ നിയമപരമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ശേഷി ഉള്ളതും, ജനങ്ങള്‍ക്ക് എല്ലാവിധ സേവനങ്ങളും നല്‍കുന്നതിനുള്ള വിവിധ അനുമതികള്‍ക്ക് പര്യാപ്തവുമായിരിക്കണം. ക്രമരഹിത ഇടപാടുകളിലൂടെ ആസ്തികള്‍ നിഷ്‌ക്രിയമായിട്ടുണ്ടെങ്കില്‍ മുഴുവന്‍ തുകയ്ക്കും കരുതല്‍ സൂക്ഷിക്കണം. ആസ്തി-ബാധ്യതകളുടെ വാല്യുവേഷന്‍ നടത്തുകയും നഷ്ട ആസ്തികള്‍ക്ക് പൂര്‍ണ്ണമായും കരുതല്‍ സൂക്ഷിക്കുകയും വേണം.

സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാബാങ്കുകളുടേയും പലിശനിരക്കുകളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അത് ഉപഭോക്താക്കളെ അറിയിക്കണം. ലയനശേഷം എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയര്‍ സംസ്ഥാന സഹകരണ ബാങ്ക് ഉണ്ടാകണം. നിശ്ചിത സമയത്തിനകം മൈഗ്രേഷന്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണം.

സംസ്ഥാന സഹകരണ ബാങ്കിന്റെ സി.ഇ.ഒ ‘ഫിറ്റ് ആന്റ് പ്രോപ്പര്‍’ മാനദണ്ഡങ്ങള്‍ പാലിച്ചാവണം. ഭരണസമിതിയില്‍ ചുരുങ്ങിയത് രണ്ട് പ്രൊഫഷണലുകള്‍ ഉണ്ടാകണം. റിസര്‍വ് ബാങ്ക് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിച്ച രീതിയില്‍ ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണം. ഇതിനായി ഉചിത ഭേദഗതികള്‍ കേരള സഹകരണ നിയമത്തില്‍ വരുത്തണം.

ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ റിസര്‍വ് ബാങ്ക് ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് സംസ്ഥാന സഹകരണ ബാങ്ക് ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കണം. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് റിസര്‍വ് ബാങ്കിന് സറണ്ടര്‍ ചെയ്യണം.

സംസ്ഥാന സഹകരണ ബാങ്ക് ലയനപദ്ധതിക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ക്ലിയറന്‍സ് നേടണം. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കും ട്രഷറിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ഘട്ടംഘട്ടമായി പിന്‍വലിക്കണം.

‘ബാങ്ക്’ എന്ന പദം ഉപയോഗിച്ച് കേരളത്തില്‍ പുതിയ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. ഈവ്യവസ്ഥകള്‍ പാലിച്ചതിനുശേഷം അന്തിമ അനുമതിക്കായി സംസ്ഥാന സഹകരണ ബാങ്ക് നബാര്‍ഡ് മുഖാന്തിരം ആര്‍.ബി.ഐയെ സമീപിക്കണമെന്നും കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button