![asian lion](/wp-content/uploads/2018/10/asian-lion.jpg)
ന്യൂഡല്‍ഹി: ലോകത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ ഏക വാസ്ഥലമായ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. ഇവിടെ 18 ദിവസത്തിനിടെ ചത്തൊടുങ്ങിയത് 21 സിംഹങ്ങളാണ്. കഴിഞ്ഞ ദിവസം ചത്ത് 10 സിംഹങ്ങളുടെ ശവങ്ങള്‍കൂടി കണ്ടെത്തിയതോടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലിലോ കരളിനും വൃക്കയ്ക്കും ഉണ്ടാകുന്ന് അണുബാധയോ ആവാം സിംഹങ്ങളുടെ മരണ കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. അതേസമയം അഞ്ഞൂറോളം ഏഷ്യന്‍ സിംഹങ്ങളുള്ള ഗിര്‍ വനങ്ങളില്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ സിംഹങ്ങള്‍ ചത്തത് ആശങ്കാജനകമാണ്.
109 ആണ്‍സിംഹങ്ങളും 201 പെണ്‍സിംഹങ്ങളും 140 കുഞ്ഞുങ്ങളുമുള്‍പ്പെടെ 523 സിംഹങ്ങളാണ് ഗിറിലുള്ളതെന്നാണ് 2015-ലെ കണക്ക് വ്യക്തമാക്കുന്നത്. സിംഹങ്ങളില്‍ കാണുന്ന രോഗബാധയെ തുടര്‍ന്ന് 31 സിംഹങ്ങളെ മൃഗസംരക്ഷണകേന്ദ്രത്തിലേക്കുമാറ്റി ഒറ്റയ്‌ക്കൊറ്റയ്ക്ക് താമസിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനായി 64 പേരടങ്ങുന്ന ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. സിംഹങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനം മന്ദതയിലാണ്.
കാനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ്
ഏറ്റവുമൊടുവില്‍ ചത്ത 10 സിംഹങ്ങളുടെ നാലെണ്ണത്തിന്റൈ മരണകാരണം കാനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് (സി.ഡി.വി.) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് രോഗസ്ഥിതീകരണം നടത്തിയതെന്ന് ഗുജറാത്ത് പരിസ്ഥിതിമന്ത്രി ഗണ്‍പത് വാസവ പറഞ്ഞു. നായകളില്‍ നിന്ന് വന്യ മൃഗങ്ങളിലേയ്ക്ക് പരക്കുന്ന് വൈറസാണിത്. ഇതുകാരണം 1994-ല്‍ ടാന്‍സാനിയയിലെ സെറെന്‍ഗെറ്റി ദേശീയോദ്യാനത്തില്‍മാത്രം ചത്തത് ആയിരത്തോളം സിംഹങ്ങളാണ്. വൈറസ് കാരണമുള്ള രോഗബാധയുടെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഒരു വിദഗ്ധസംഘം പ്രവര്‍ത്തിക്കുന്നതായി മന്ത്രി അറിയിച്ചു.
Post Your Comments