
വെളുപ്പാന്‍കാലത്ത് ഞെട്ടിയുണര്‍ന്നത് ചിരിച്ചുകൊണ്ട് യാത്ര പറയുന്ന ഈ മുഖം കണ്ടുകൊണ്ടാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത,എന്നാല്‍ ഒരുപാടിഷ്ടപ്പെട്ടിരുന്ന ഈ വയലിന്‍ മാന്ത്രികനെ എന്തുകൊണ്ടാണ് സ്വപ്നം കണ്ടതെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല! വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ത്തിരുന്ന മാന്ത്രികവിരലുകളുടെ ഉടമ ലൊകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിഴാല്ത്തി വിട പറയുമ്പോള്‍ വിശ്വസിക്കാനാകാതെ പകച്ചു നില്ക്കാനേ കഴിയുന്നുള്ളൂ. അനുകരണങ്ങളില്ലാത്ത സംഗീതസപര്യയായിരുന്നു ബാലഭാസ്‌ക്കറിന്റേത്. അതു കൊണ്ടു തന്നെയാണ് സൗമ്യനായ സുസ്‌മേരവദനനായ സംഗീതമാന്ത്രികനെ ജനങ്ങളിഷ്ടപ്പെട്ടതും.
‘നിനക്കായ്, ഓര്‍മ്മയ്ക്കായ് .. എന്നീ ആല്‍ബങ്ങളിലെ ഗാനങ്ങള്‍ ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവര്‍ക്ക് മറക്കാനാവാത്ത മുഖമാണ് ബാലഭാസ്‌ക്കറിന്റേത്. ശ്രവണസുന്ദരഗാനങ്ങള്‍ തന്റെ ആത്മാവായ വയലിന്‍ തന്ത്രികളില്‍ പുനഃസൃഷ്ടിക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന ഭാവങ്ങളെ അതിശയത്തോടെ ഇഷ്ടപ്പെട്ടിരുന്നു ആരാധകര്‍.വേറിട്ട സംഗീതവഴിയിലൂടെ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന വിസ്മയം പാതിവഴിയില്‍ നിലച്ചത് വേദനയാകുന്നു.
അരുമമകളുടെ വിയോഗം ബാലഭാസ്‌ക്കറിന് എങ്ങനെ താങ്ങാന്‍ കഴിയുമെന്ന ആശങ്കകള്‍ക്ക് മകളുടെ ലോകത്തേയ്ക്ക് മടങ്ങിയാണ് വിരാമമിട്ടത്. വളരെ ചെറുപ്രായത്തിലേ ആരംഭിച്ച സംഗീതജീവിതത്തില്‍ കൂട്ടായിയെത്തിയ ലക്ഷ്മിക്ക് നഷ്ടമായ സൗഭാഗ്യങ്ങള്‍ ആര്‍ക്കും തിരികെ നല്കാനാവുന്നതല്ല. എങ്കിലും ജീവിതം വച്ചുനീട്ടിയ ദുരന്തത്തെ അതിജീവിക്കാനുള്ള ധൈര്യവും ശക്തിയുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.അനന്തതയില്‍ നിലാവ് പൊഴിയുന്ന നീലരാവില്‍ വയലിന്‍ തന്ത്രികളുടെ സംഗീതധാരയ്ക്കായി ഇനി നമുക്ക് കാതോര്‍ക്കാം!അരുമമകള്‍ക്കൊപ്പം അവളുടെ ലോകത്തേയ്ക്ക് മടങ്ങിയ വിസ്മയത്തിന്റെ വേര്‍പാട് സഹിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. മാന്ത്രികസ്പര്‍ശമായി മലയാളിയുടെ മനസ്സില്‍ വയലിന്‍ തന്ത്രികള്‍ മീട്ടി മായാതെ ജീവിക്കും. വിട.
Post Your Comments