Latest NewsSpecials

ഇന്ന് ലോക വയോജനദിനം

ശിവാനി ശേഖര്‍

ഇങ്ങനെയൊരു ദിവസവുമുണ്ടോയെന്ന അദ്ഭുതപ്പെടുന്നുണ്ടാവാം.ഉണ്ട് ,ഇന്ന് ലോകവയോജനദിനം.ഇന്നത്തെ സാഹചര്യത്തിൽ മുതിർന്നവരോടുള്ള പെരുമാറ്റത്തിൽ ഒരുപാട് മാറ്റം വന്നിട്ടുള്ള ഈ കാലത്ത് ഇത്തരമൊരു ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.വൃദ്ധസദനങ്ങളുടെ നാല് സ്നേഹകിരണങ്ങളില്ലാതെ, ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന വയോധികർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധമുണർത്താനുള്ള ദിനവും കൂടിയാണ്. ഓർക്കുക,പണവും സൗകര്യങ്ങളും എത്രയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല.ഇന്ന് ഒട്ടുമിക്ക വാർദ്ധക്യജീവിതങ്ങളിലും ഈ സ്ഥിതിവിശേഷമാണുള്ളത്.”Celebrating Old Human Rights Champions” എന്നതാണ് ഈ വർഷത്തെ വൃദ്ധദിനത്തിന്റെ ആശയം.

മറ്റൊരു ബാല്യത്തിന്റെ തുടക്കമാണ് വാർദ്ധക്യം. യൗവ്വനത്തിന്റെതിളപ്പും ജീവിത പ്രാരാബ്ദങ്ങളുമൊഴിഞ്ഞ് ജീവിതത്തിന്റെ അവസാനഘട്ടത്തിലേയ്ക്കുള്ള കാൽവെയ്പു കൂടിയാണ് വാർദ്ധക്യം.പ്രായമായവർക്ക് കൊച്ചുകുട്ടിയുടെ മനസ്സാണെന്നാണ് പറയാറ്.കുഞ്ഞുങ്ങളെപ്പോലെ തന്നെ പരിചരണവും ശ്രദ്ധയും വളരെയേറെ ആവശ്യമുള്ള സമയം.ഒരു കുഞ്ഞ് വീഴാൻ പോയാൽ നമ്മൾ കൈ പിടിച്ചു നടത്തില്ലേ? അവർ വാശി പിടിച്ചാൽ,ദേഷ്യം കാണിച്ചാൽ നാം ക്ഷമിക്കില്ലേ?അർവക്കെന്തെങ്കിലും അസ്വസ്ഥതകളുണ്ടായാൽ,അസുഖമുണ്ടായാൽ നാം പരിപാലിക്കില്ലേ?അവരുടെ ആവശ്യങ്ങളറിഞ്ഞു നാം പെരുമാറില്ലേ?അതേ എന്നാണുത്തരമെങ്കിൽ ആ കുഞ്ഞുങ്ങളെപ്പോലെ തന്നെയാണ് പ്രായമായവരും എന്ന ചിന്ത സമൂഹത്തിനുണ്ടായാൽ തന്നെ പ്രായമായവരനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും. .ജീവിതത്തിന്റെ നല്ല സമയങ്ങൾ മുഴുവനും മക്കൾക്കും കുടുംബത്തിനുമായി ചിലവഴിച്ച് സായന്തനത്തിന്റെ പടിവാതിലെത്തുമ്പോൾ പ്രായമായവർ കൊതിക്കുന്നത്,ഇത്തിരി നല്ല വാക്കുകളും അല്പം പരിഗണനയുമാണ്.അത് കൊടുക്കാനായില്ലെങ്കിൽ ജീവിതത്തിലെന്തൊക്കെ ചെയ്താലും ഒരു പ്രയോജനവുമില്ല.ഇന്ന് മിക്ക വീടുകളിലും അച്ഛനമ്മമാർ തനിയെയാണ്.വയസ്സായതിന്റെ ആകുലതകളും,സുരക്ഷിതത്വമില്ലാത്തത്തിന്റെ ആധിയും പേറി ,ഒരിക്കൽ കലപിലശബ്ദങ്ങൾ വിട്ടൊഴിയാതെ സജീവമായിരുന്ന വീടിന്റെ അകത്തളങ്ങളിൽ നിശബ്ദരായി ഇരിക്കുന്നതിന്റെ ഭീകരത എത്ര വലുതാണ്.മക്കൾക്ക് വേണ്ടാതാകുമ്പോൾ വൃദ്ധസദനങ്ങളിലോ,അനാഥമന്ദിരങ്ങളിലോ എത്തിപ്പെടുന്ന മാതാപിതാക്കളുടെ കണ്ണുനീര് കാണാതെ പോകുന്നവർ എത്ര ക്രൂരമനസ്സുള്ളവരാണ്. വിശ്രമിക്കാനാഗ്രഹിക്കുന്ന,അല്ലെങ്കിൽ മാറ്റി വെച്ചിരുന്ന ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ജീവിതസായന്തനത്തിൽ വീട്ടിലെ മുഴുവൻ,മക്കളുടേയും കൊച്ചുമക്കളുടേയുമടക്കം ഉത്തരവാദിത്വവും,തലയിട്ട് സ്വന്തം ജീവിതം ആഘോഷിക്കുന്ന മക്കളും മരുമക്കളും ഓർക്കേണ്ട ഒന്നുണ്ട്.തങ്ങളുടെ ആഗ്രഹങ്ങൾ മാറ്റിവെച്ച് മക്കൾക്കും വീടിനും വേണ്ടി നല്ല സമയം മുഴുവൻ ഹോമിച്ച്, അദ്ധ്വാനിച്ചത് വയസ്സാം കാലത്തെങ്കിലും ഒരു വിശ്രമമുണ്ടാകുമെന്ന് കരുതിയാണ്.പതിയെപ്പതിയെ മരണത്തിലേയ്ക്ക് വഴികാട്ടുന്ന പടിവാതിലാണ് വാർദ്ധക്യം.അതും കൂടി സന്തോഷകരമല്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്തർത്ഥം!

പുതുപലമുറയിലെ കുഞ്ഞുങ്ങൾ മുത്തശ്ശിക്കഥകൾ കൈവിരൽത്തുമ്പത്ത് തൊട്ടുനിർത്തുമ്പോൾ,ആ മടിയിൽ കിടന്ന് ലൈവായി കഥ കേൾക്കാനുള്ള ഭാഗ്യമാണ് അവർക്ക് നഷ്ടമായത്.ഇനിയെങ്കിലും മനുഷ്യമനസ്സുകളിൽ സ്വന്തം മാതാപിതാക്കളോടെങ്കിലും കരുണയും സ്നേഹവും കരുതലും കാണിക്കുവാനുള്ള നന്മയുണ്ടാകട്ടേ.ഒന്നോർക്കുക,മക്കൾ മാതാപിതാക്കളെ സംരക്ഷിക്കുന്നത് ,സ്നേഹിക്കുന്നത് ഔദാര്യമല്ല,കടമയാണ്.അവരുടെ അവകാശമാണ്.

എല്ലാ വർഷവും ഒക്ടോബർ ഒന്നിനാണ് ലോകവൃദ്ധദിനം ആഘോഷിക്കുന്നത്.കർമ്മനിരതരായ വയോധികരുടെ അനുഭവസമ്പത്തും,ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകളും വരംതലമുറയ്ക്ക് വഴിവിളക്കാകുവാൻ അവരെ ആദരിക്കുക,അവരുടെ അഭിപ്രായങ്ങളും,നിർദ്ദേശങ്ങളും ആരായുക എന്ന ഉദ്ദേശത്തോടെ വിയന്നയിലാണ് ഇത്തരമൊരു സംവിധാനത്തിന് തുടക്കമിട്ടത്.പിന്നീട് ഈ കർമ്മപദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചതോടെ1990 ഡിസംബർ പതിന്നാലിന് ലോകവൃദ്ധദിനം ആചരിക്കാനുള്ള തീരുമാനം നടപ്പിലാക്കി.1991 ഒക്ടോബർ 1 നാണ് ആദ്യമായി ഈ ദിനം ആചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button