തിരുവനന്തപുരം•ജോലിസ്ഥലത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വനിതാ ശിശുവികസന വകുപ്പിലെ 258 ശിശു വികസന പദ്ധതി ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കുന്നതിന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
2013 ലെ ജോലി സ്ഥലത്തെ ലൈംഗികാതിക്രമത്തിനെതിരെയുള്ള ആക്ട് (Sexual Harassment against Women at Workplace (Prevention, Prohibition, Redressal)) സെക്ഷന്‍ 6(2) പ്രകാരമാണ് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. പുതുതായി വനിത ശിശു വകുപ്പ് രൂപീകരിച്ചതിന് ശേഷം സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് വേണ്ടി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് വരുന്നത്. ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാര്‍ നിയമിതരാകുന്നതോടെ വേഗത്തില്‍ പരാതി നല്‍കാനും നടപടി സ്വീകരിക്കാനും ഇതിലുടെ സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തെ സുരക്ഷിതത്വ ബോധം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
2013ലെ ജോലി സ്ഥലത്തെ ലൈംഗികാതിക്രമത്തിനെതിരെയുള്ള ആക്ട് പ്രകാരം പത്തില്‍ താഴെ മാത്രം തൊഴിലാളികള്‍ ഉള്ളതിനാല്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില്‍ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില്‍ ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ലോക്കല്‍ കംപ്ലയന്‍സ് കമ്മിറ്റി രൂപീകരിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ച് എല്ലാ ജില്ലാ കളക്ടര്‍മാരേയും നിയമം നടപ്പിലാക്കുന്നതിനുള്ള ജില്ലാ ഓഫീസര്‍മാരായി നിയമിച്ചിരുന്നു. ഈ നിയമ പ്രകാരമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ലോക്കല്‍ കംപ്ലയന്‍സ് കമ്മിറ്റിക്ക് അയച്ചു കൊടുത്ത് നിയമ നടപടി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത്.
Post Your Comments