Latest NewsUAEGulf

ഗാന്ധിജിയെ ബാറില്‍ വെച്ചു ; ദുബായിലെ പബ്ബിനെതിരെ പ്രതിഷേധം

ദുബായ്: ദുബായിലെ പബ്ബില്‍ ഗാന്ധിജിയുമായി രൂപ സാദൃശ്യമുള്ള ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ സമൂഹം. പ്രവാസികളില്‍ പലരും ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ച് വരച്ചതല്ലെന്നും വെറും കലാസൃഷ്ടിയായത് കൊണ്ടുതന്നെ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടിലുമാണ് പബ്ബ് മാനേജ്മെന്റ്.പിങ്കും നീലയും കലര്‍ന്ന കണ്ണടയും മഴവില്‍ നിറത്തിലെ ഷാളും ധരിപ്പിച്ചാണ് ബര്‍ദുബായിലെ അല്‍ മന്‍ഖൂലിലുള്ള ബാര്‍ ബാര്‍ റെസ്റ്റോറന്റിലാണ് ചിത്രം വരച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ തന്നെ ഗാന്ധിജിയുടെ മുഖമാണെന്ന് തിരിച്ചറിയാനുമാവും. ഫെബ്രുവരിയില്‍ തുറന്ന പബ്ബാണെങ്കിലും ഇവിടുത്തെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധയിലെത്തിയത്. തുടര്‍ന്ന് പ്രവാസികളില്‍ ചിലര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പെടുത്തി. വിവരം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനാണ് കോണ്‍സുലേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മനോവിഷമമുണ്ടാക്കുന്നതാണ് ചിത്രമെന്നും അതുകൊണ്ടുതന്നെ അത് പബ്ബ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

ചിത്രം എടുത്തുമാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഞായറാഴ്ച ദുബായ് അധികൃതരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വിഭവങ്ങളുടെ പേരില്‍ പ്രശസ്തമായ തങ്ങളുടെ സ്ഥാപനത്തില്‍ നിരവധി ചിത്രങ്ങളും പെയിന്റിങ്ങുകളുമുണ്ടെന്നും പരാതികളുയര്‍ന്ന ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ച് വരച്ചത് അല്ലാത്തത് കൊണ്ടുതന്നെ അത് മാറ്റേണ്ടതില്ലെന്നുമാണ് ബാര്‍ ബാറിന്റെ ജനറല്‍ മാനേജര്‍ സദാനന്ദ പൂജാരി അഭിപ്രായപ്പെട്ടത്.

നിരവധിപ്പേര്‍ ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തെ മുറിവേല്‍പ്പിക്കുന്ന ഒന്നും തങ്ങള്‍ ചെയ്യുന്നില്ലെന്നും സദാനന്ദ പൂജാരി പറഞ്ഞു.എന്നാല്‍ ആത്മാഭിമാനമുള്ള ഇന്ത്യക്കാരുടെ മുഖത്തിനേറ്റ അടിയാണിതെന്നാണ് പ്രവാസികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Post Your Comments


Back to top button