വാഷിംഗടണ്‍: ലോകം ഇന്നും അര്‍ബുദത്തെ ആശങ്കയോടെയാണ് കാണുന്നത്. പലരും അര്‍ബുദമെന്ന് കേള്‍ക്കുമ്പോള്‍ ഭയത്തിന്റെ പിടിയിലാണ്. എന്നാല്‍ അര്‍ബുദത്തിന് ആമസോണ്‍ കാടുകളില്‍ നിന്നും പ്രതിവിധിയെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ കാടുകളില്‍ കണ്ടു വരുന്ന പ്രത്യേകതരം ചെടികള്‍ കരള്‍ അര്‍ബുദ ബാധയ്ക്ക് ഫലപ്രദമാണെന്ന് പഠനങ്ങള്‍. വിസ്മിയ ബാക്സിഫെറ എന്ന ചെടിയുടെ സത്ത് കാന്‍സര്‍ ബാധയുള്ള കോശങ്ങളെ ഇല്ലാതാക്കും എന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്ത തരത്തിലാണ് ഇവ പ്രവര്‍ത്തിക്കുക.
പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി തദ്ദേശവാസികള്‍ പരമ്പരാഗതമായി ഈ ചെടി ഉപയോഗിക്കാറുണ്ട്. മൂത്രാശയ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും ഇത് വളരെ ഫലപ്രദമാണ്. ഈ സസ്യത്തിന്റെ സത്തില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശമുണ്ട്. ഇത് അര്‍ബുദ കോശങ്ങളുടെ ഡിഎന്‍എ വിഭജനത്തെ തടയുന്നു. കടും പച്ചനിറത്തില്‍ ഇടത്തരം വലിപ്പമുള്ള ഇലകളോട് കൂടിയതാണ് ഈ വിസ്മിയ ബാക്സിഫെറ. സ്വര്‍ണ്ണ നിറത്തിലോ വെള്ള നിറത്തിലോ ഇതിന് പൂവുണ്ടാകും.
പല രോഗങ്ങള്‍ക്കും സര്‍ജറി ഒഴിവാക്കി പ്രകൃതിദത്തമായിത്തന്നെ ചികിത്സിക്കുന്നത് ചിലപ്പോള്‍ ഫലപ്രദമാകാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ രോഗത്തിന് കഞ്ചാവ് ചെടി ഉപയോഗിക്കാം എന്ന ഗവേഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്.
മാറിവരുന്ന ഭക്ഷണക്രമമാണ് കരള്‍ അര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇത് കണ്ടുപിടിക്കാനും വളരെ ബുദ്ധിമുട്ടാണ്. സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗം കൂടുതലും കണ്ടുവരുന്നത്. മറ്റ് അര്‍ബുദങ്ങളേക്കാള്‍ ഇവ പെട്ടെന്ന് മറ്റ് ശരീര ഭാഗങ്ങളിലേയ്ക്ക് എത്തുന്നു. മറ്റ് രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ തിരിച്ചറിയപ്പെടുന്നത്.
Post Your Comments