തിരുവനന്തപുരം: ദിവസേന ഓടുന്ന ട്രയിനുകള്‍ വൈകുന്നത് അഞ്ച് മിനുട്ടില്‍ അധികമാകില്ലെന്ന എംപിമാരുടെ വാദം തള്ളി റെയില്‍വേ രംഗത്ത്. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ കുലശ്രേഷ്ഠ, സംസ്ഥാനത്തെ എംപിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ട്രെയിനുകളുടെ വൈകിയോട്ടത്തിന് അടിയന്തര പരിഹാരം കാണണമെന്ന് എംപിമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.
യോഗശേഷം യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകള്‍ അഞ്ചു മിനുട്ടിലേറെ വൈകില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി എംപിമാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ എംപിമാരുടെ ഈ അറിയിപ്പിനെ അവഗണിക്കുകയാണ് റെയില്‍വേ ഇപ്പോള്‍. സംസ്ഥാനത്തെ ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്നും സുരക്ഷക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നതെന്നും ട്രാക്ക് നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ സഹകരിക്കണമെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ ആവശ്യപ്പെട്ടു.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി വേഗ നിയന്ത്രണം വേണം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ഒരു ട്രാക്കിലെ നവീകരണവും പൂര്‍ത്തിയാകാനുണ്ട്. റണ്ണിംഗ് ടൈം കൂട്ടിയ പുതിയ ടൈംടേബിള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നു. ഒട്ടേറെ യാത്രക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന ട്രെയിനുകള്‍ അഞ്ച് മിനിറ്റിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
Post Your Comments