തിരുവല്ല: പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് റെയില്‍വെ പുനെയില്‍ നിന്നെത്തിച്ച കുടിവെള്ളം തിരുവല്ലയില്‍ കെട്ടികിടക്കുന്നു. 3.20 ലക്ഷം ലിറ്റര്‍ വെള്ളമാണ് തിരുവല്ല റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കെട്ടിക്കിടക്കുന്നത്. ആവശ്യക്കാരെത്തി വെള്ളം കൊണ്ടുപോകാത്തതിനാല്‍ ഇത് പൂനയിലേക്കു തന്നെ തിരിച്ചയക്കാനാണ് സ്റ്റേഷന്‍ മാനേജരുടെ തീരുമാനം.
കുടിവെള്ള ദൗര്‍ലബ്യം പരിഹരിക്കുന്നതിനായി 10 വാഗണിലായാണ് ഇവിടെ വെള്ളം എത്തിച്ചത്. അതേസമയം വാട്ടര്‍ അതോറിറ്റിയുടെ പരിശോധനാഫലത്തില്‍ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ആര്‍.ഡി.ഒയെ അറിയിച്ചിരുന്നുവെന്ന് സ്റ്റേഷന്‍ മാനേജര്‍ പി.കെ. ഷാജി പറഞ്ഞു. കൂടാതെ കോഴഞ്ചേരി, തോട്ടപ്പുഴശേരി ഭാഗങ്ങളില്‍ ശുചീകരണത്തിനായി ഈ വെള്ളം അഗ്‌നിരക്ഷാസേനയെക്കൊണ്ട് എടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു
നിവേദനം കലക്ടര്‍ അംഗീകരിച്ച് ഫയര്‍ഫോഴ്സ് അധികൃര്‍ക്ക് കൈമാറിയെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. അതേസമയം വെള്ളം കെട്ടികിടക്കുന്നതിനാല്‍ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് വളരെ അധികം ബുദ്ധിമുട്ടാണുണ്ടാകുന്നത്. വാഗണ്‍ കിടക്കുന്നതിനാല്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ പറ്റുന്നില്ല. വലിയ എന്‍ജിന്‍ സംവിധാനവും ഡ്രൈവറും വരുമ്പോള്‍ ഇവ തിരിച്ചയയ്ക്കുമെന്നു സ്റ്റേഷന്‍ മാനേജര്‍ പറഞ്ഞു.
Post Your Comments