ന്യൂഡൽഹി: വര്‍ഷങ്ങള്‍ നീണ്ട നീയമയുദ്ധത്തിനൊടുവില് ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. 1990ലെ ഒരു പത്രത്തിലെ ചിത്രമാണ് പിന്നീട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടമായി മാറിയത്. 2006 ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ന് വിധി വരുന്നത്. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രങ്ങളിൽ വന്നിരുന്നു.
ഈ ചിത്രമാണ് കാൽനൂറ്റാണ്ട് പിന്നിട്ട ശബരിമല സ്ത്രീ പ്രവേശന കേസിന്റെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ എസ്. മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് ഒരു പരാതി അയച്ചു. ശബരിമലയിൽ ചിലര്‍ക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരിമലയിൽ കയറുന്നു എന്നുമായിരുന്നു പരാതിയിലെ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ കേരള ഹൈക്കോടതി ജസ്റ്റിസുമാരായ കെ.പരിപൂര്ണൻ, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചു.
1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും വിധിയിൽ പറഞ്ഞു. ഈ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളൊന്നും പിന്നീട് ഉണ്ടായില്ല. 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിലെ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൽകുന്നത്. സുപ്രീംകോടതിയിലെ ജസ്റ്റിസ് അരജിത് പസായത്ത്, ജസ്റ്റിസ് ആര്.വി.രവീന്ദ്രൻ അങ്ങനെ പല കോടതികളിലൂടെ ഈ കേസ് കടന്നുപോയി.
2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയിലേക്ക് എത്തിയതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്.തുടർന്ന് കേസിൽ റെഡി റ്റു വെയ്റ്റ് എന്ന സോഷ്യൽ മീഡിയ കാമ്പെയിന്റെ മറ്റൊരു ഭാഗമായ പീപ്പിൾ ഫോർ ധർമ്മ കേസിൽ കക്ഷി ചേരുകയും ശബരിമലയിലെ ആചാര വിധികളെ പറ്റി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു, കേസിൽ ഭരണഘടനപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതി കണ്ടെത്തി. 2017 ഒക്ടോബര്‍ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടന ബെഞ്ചിലേക്ക് വിട്ടു. എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ശബരിമല കേസ് വിധി പറയാൻ മാറ്റിവെച്ചത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ നാല് വിധികളാണ് ജഡ്ജിമാര്‍ പറയുക.
ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും ചേർന്ന് ഒരു വിധി പറയും. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധിയും ഉണ്ടാകും. രാവിലെ പത്തര മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന വിധി.ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്സ് അസോസിയേഷൻ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയുക.
ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ? ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമാണോ? സ്ത്രീകൾക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ? ആരാധാനയുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്.
Post Your Comments