Latest NewsIndia

പൊലീസുകാരിക്ക് പൊലീസുകാരനാകണം; അപേക്ഷയുമായി വനിതാകോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍

റെയില്‍വേ സുരക്ഷാവിഭാഗമായ ആര്‍പിഎസ്എഫിലെ വനിതാ കോണ്‍സ്റ്റബിളാണ്

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ലളിത് സാല്‍വേ എന്ന പൊലീസുകാരന്‍ ലളിത സാല്‍വേ എന്ന പേരില്‍ വനിതാ പൊലീസായതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിന്ന് സമാനമായ മറ്റൊരു വാര്‍ത്ത കൂടി. റെയില്‍വേ സുരക്ഷാവിഭാഗമായ ആര്‍പിഎസ്എഫിലെ വനിതാ കോണ്‍സ്റ്റബിളാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി തേടിയിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് സാല്‍വേ കേസിലെ ഉത്തരവുകളും ഉപാധികളും സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ റെയില്‍വേ ആര്‍പിഎഫ് ഡിജി മഹാരാഷ്ട്ര പൊലീസിന് കത്തയച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്ക് അനുമതി നല്‍കിയാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പൊലീസ് സേനയില്‍ ലിംഗവ്യത്യാസം വരുത്തി സേവനം തുടരുന്ന മൂന്നാമത്തെ കേസാകും ഇത്.

ആര്‍പിഎഫിന്റ ഒരു പ്രത്യേകവിഭാഗമായ ആര്‍പിഎസ്എഫ് 2015 ലാണ് വനിതാ ബറ്റാലിയന്‍ ആരംഭിച്ചത്. എന്നാല്‍ ഈ ബറ്റാലിയന്റെ ആദ്യബാച്ചില്‍ നിന്നുള്ള വനിത തന്നെ ലിംഗമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. തന്റെ ബാല്യകാലം മുതല്‍ അവികസിതമായ പുരുഷ വളര്‍ച്ചയുണ്ടായിരുന്നെന്നും ഇക്കാര്യം കുടുംബത്തിന് അറിയാമായിരുന്നെന്നും വനിതാ കോണ്‍സ്റ്റബിള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ ചെക്കപ്പ് നടത്തി ഇക്കാര്യം സ്്ഥിരീകരിക്കുകയും ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിയമം അനുവാദം നല്‍കുന്നതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയതെന്നും അവര്‍ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം, സേനയില്‍ ചേരാനുള്ള പുരുഷന്‍മാരുടെ കായികശേഷി പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സാല്‍വേകേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ആലോചിക്കുകയാണെന്നും ആര്‍പിഎസ്എഫ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button