Latest NewsKerala

ചാനലില്‍ ഇരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് : ശബരിമല സ്ത്രീപ്രവേശനത്തില്‍ രാഹുലും ഭാഗ്യലക്ഷ്മിയും തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം: ചാനലില്‍ ഇരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. രാഹുലിനെതിരെ ആഞ്ഞടിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച രാഹുല്‍ ഈശ്വറിനെതിരെയാണ് ഭാഗ്യലക്ഷ്മി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കോടതി വിധിയെ എതിര്‍ത്തു കൊണ്ട് അഭിപ്രായം പറഞ്ഞ രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണ് അതെന്നും ശരിയായ നടപടിയല്ല ഇതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

”ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത് കേട്ടു. വിധിയുടെ പശ്ചാത്തലത്തില്‍ കലാപമുണ്ടായാല്‍ ആരും ചോദിക്കാന്‍ വരരുത് എന്ന്. അദ്ദേഹം കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണ് അത്.
തെറ്റായ ആഹ്വാനമാണ് അത്. ശരിയായ നടപടിയല്ല.” ഭാഗ്യലക്ഷ്മി പറഞ്ഞു.

വിധി ഇങ്ങനെ തന്നെയായിരിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. കാരണം സുപ്രീം കോടതിയില്‍ നിന്ന് മറിച്ച് ഒരു വിധിയുണ്ടാകുമ്പോള്‍ അത് നമുക്ക് നിരാശയുണ്ടാക്കും. സുപ്രീം കോടതിയില്‍ നിന്നും ജനാധിപത്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നതിന്റെ തെളിവാണ് വിവാഹേതര ബന്ധത്തെ കുറിച്ചും സ്വവര്‍ഗ രതിയെ കുറിച്ചുമുള്ള സുപ്രീം കോടതിയുടെ വിധി. അതിലൂടെ സുപ്രീം കോടതിയിലുള്ള വിശ്വാസമാണ് വര്‍ധിക്കുന്നത്.

ഞാന്‍ ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ഇത്തരമൊരു വിലക്ക് ഉള്ളതുകൊണ്ടല്ല. മറിച്ച് എനിക്ക് പോകണമെന്ന് തോന്നിയിട്ടില്ല അതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എന്റെ ഉള്ളിലാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയോട് പോകരുത് എന്ന് പറയാന് ആര്‍ക്കും അധികാരമില്ല. ഇവിടെ ചില വിശ്വാസ പ്രമാണങ്ങളാണ് നിലനില്‍ക്കുന്നത്. വിശ്വാസം വേറെ അവകാശം വേറെ. അവകാശം നിഷേധിക്കാന്‍ വ്യക്തിക്കോ സമുദായത്തിനോ സംഘടനകള്‍ക്കോ അധികാരമില്ല. പല മതത്തിലേയും പല വിഭാഗങ്ങളിലേയും ആളുകള്‍ക്ക് വേണ്ടി നമ്മള്‍ പോരാടി. പിന്നെ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മാത്രം മറിച്ചു ചിന്തിക്കുന്നത്. ഇത് മനുഷ്യാവകാശമല്ലേ. ഇതും മനുഷ്യാവകാശമാണ്. ഇതിനെ മാത്രം എതിര്‍ക്കുന്നത് എന്തിനാണ്?

സ്ത്രീകള്‍ക്ക് 41 ദിവസം വ്രതമെടുക്കാന്‍ പറ്റില്ല എന്നതായിരിക്കും ഇവര്‍ എഴുതി വെച്ച പ്രമാണം. എന്നാല്‍ 41 ദിവസം വ്രതമെടുക്കാതെ ശബരിമലയില്‍ പോകുന്ന നിരവധി പേരെ എനിക്ക് അറിയാം. പ്രായമല്ല ഇവിടെ പ്രശ്മാകുന്നത്. എന്ത് തരം അനീതിയാണ് ഇത്? എന്ത് തരം ദ്രോഹമാണ് മനുഷ്യനോട് ചെയ്യുന്നത്. ആരോടും ഇത്തരത്തിലുള്ള ദ്രോഹം ചെയ്യരുത്. ഭാഗ്യലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button